തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പാലക്കാട് ഉഷ്ണതരംഗം കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതക്കൊപ്പം മൊത്തം 12 ജില്ലകളില്‍ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോഡ്, തിരുവനന്തപുരം ജില്ലകളില്‍ ഈ മാസം 30 വരെയാണ് മഞ്ഞ അലര്‍ട്ട്. പ്രഖ്യാപിച്ചിരിക്കുന്നത്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. 29 വരെ പാലക്കാട് ജില്ലയിൽ താപനില 41ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലാവസ്ഥാ കേന്ദ്രത്തിന്റെ നിർദേശങ്ങൾ:
പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക