ആലപ്പുഴ ജില്ലയിലെ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. ഇന്ന് രാവിലെയാണ് തീരത്ത് നിന്ന് 25 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. കടൽ ഉൾവലിഞ്ഞതിനെ തുടർന്ന് നൂറു മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ 10 ദിവസം മുൻപ് ഇപ്പോൾ കടൽ ഉൾവലിഞ്ഞ സ്ഥലത്തിന് സമീപം ഇതേ പ്രതിഭാസം രൂപപ്പെട്ടിരുന്നു.
അന്തരീക്ഷത്തിലെ താപനില ഉയരുമ്പോൾ വേലിയിറക്കം ഉണ്ടായി കടൽ പിൻവലിയുന്നതാണ് ഇതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനു മുൻപ് പല തവണ തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിൽ ഇത്തരം പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ 25 മീറ്റർ ആണ് കടൽ ഉൾവലിഞ്ഞത്.
രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ദൃശ്യമായത്.10 ദിവസം മുൻപ് പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിയുകയും മൂന്നു ദിവസത്തിനുശേഷം കടൽ പൂർവസ്ഥിതിയിൽ ആകുകയും ചെയ്തിരുന്നു.
കടൽ ഉൾവലിഞ്ഞതിനെ തുടർന്ന് ചെളി അടിഞ്ഞ് തീരത്തുറച്ച മത്സ്യബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലാണ് കടലിന്റേത് എന്നാണ് തീരദേശവാസികൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക