കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് വൻ തീപിടുത്തം. മെഡിക്കൽ കോളേജിന് സമീപമുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുൻവശത്തെ കടയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായതിനെ തുടർന്ന് നിരവധി കടകൾ കത്തി നശിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്.
ഇന്ന് രാവിലെ 9. 45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്.എളുപ്പത്തിൽ തീ പിടിക്കാൻ കാരണമാകുന്ന വസ്തുക്കളാണ് കടയിൽ ഉണ്ടായിരുന്നത് എന്നതിനാൽ പെട്ടെന്ന് തന്നെ ആളിപ്പടരുകയായിരുന്നു.
കോട്ടയം അഗ്നി രക്ഷാസേനയിലെ 4 യൂണിറ്റ് രക്ഷാപ്രവർത്തനം തുടർന്നു കൊണ്ടിരിക്കുകയാണ്. തീ വ്യാപിച്ചതിനെത്തുടർന്ന് അഗ്നി രക്ഷാ സേനയ്ക്ക് കടയ്ക്ക് ഉള്ളിലേക്ക് കയറാൻ പോലും സാധിച്ചിരുന്നില്ല. കടയിൽ നിന്നും പുക ഉയരുന്നത് തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. ഇതിനെ തുടർന്ന് അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയും സേന എത്തുന്നതിനുമുമ്പ് തന്നെ ഹോട്ടൽ ജീവനക്കാർ അവരുടെ പമ്പിൽ നിന്നും വെള്ളമടിച്ച് തീയണക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കടയുടെ തൊട്ടടുത്തുള്ള കടകളെല്ലാം പെട്ടെന്ന് തീപിടിക്കുന്ന വിധത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന കടകളാണ്. അഗ്നിരക്ഷാസേന വളരെ സൂക്ഷ്മതയോടെയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കടയുടെ അകത്ത് കയറാൻ സാധിച്ചെങ്കിൽ മാത്രമേ മറ്റ് വ്യാപാര കേന്ദ്രങ്ങളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക