മിക്ക വീടുകളിലെയും ഒരു പ്രധാന പ്രശ്നമാണ് പള്ളി ശല്യം. വീട് വൃത്തികേടാകും എന്നതിനു പുറമേ പല്ലിക്കാഷ്ഠം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഭീഷണിയാണ്. കണ്ണു തെറ്റിയാൽ അടുക്കളയിലും ആഹാരസാധനങ്ങളിലും എല്ലാം പല്ലികൾ കടന്നുകൂടും. എന്നാൽ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഒരുപരിധിവരെ പല്ലികളെ തുരത്താനാവും. അത് എങ്ങനെയെന്ന് നോക്കാം.
ഉപയോഗശേഷം ഉപേക്ഷിച്ചു കളയുന്ന മുട്ടത്തോട് പല്ലിയെ തുരത്താൻ ഏറ്റവും സഹായകരമായ വസ്തുവാണ്. മുട്ടയുടെ മണം പൊതുവേ പല്ലികൾക്ക് അസഹനീയമാണ്. അതിനാൽ മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് തുടച്ചെടുക്കുക. പല്ലികൾ സ്ഥിരമായി കടന്നുകൂടാറുള്ള വാതിലുകൾ, ജനാലകൾ എന്നിവയ്ക്ക് സമീപം ഈ മുട്ടത്തോട് വയ്ക്കാം. ഒരുപരിധിവരെ പല്ലികൾ അകത്തേക്ക് കയറാതെ തടഞ്ഞുനിർത്താൻ ഈ മാർഗത്തിലൂടെ സാധിക്കും.
പല്ലികൾ പൊതുവേ ചൂടുള്ള സാഹചര്യങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. മുറികളിൽ എയർ കണ്ടീഷണർ ഉണ്ടെങ്കിൽ താപനില ഇരുപത്തിരണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കിയിടുന്നത് പല്ലികളെ അകറ്റിനിർത്താൻ സഹായിക്കും.
മുളകിന്റെയും കുരുമുളകിന്റെയും മണം ചെറുത്തുനിൽക്കാനുള്ള കഴിവും പല്ലികൾക്കില്ല. കുരുമുളകുപൊടിയോ ചുവന്ന മുളക് പൊടിയോ വെള്ളത്തിൽ കലർത്തി പല്ലികൾ ധാരാളമായി കയറുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യാവുന്നതാണ്. മുളകുപൊടിക്ക് പകരം ഉണക്കമുളക് വയ്ക്കുന്നതും ഫലം ചെയ്യും.
പല്ലികളെ തുരത്താൻ പെപ്പർ സ്പ്രേ ഉപയോഗിക്കാവുന്നതാണ്. പല്ലികൾ സ്ഥിരമായി വിഹരിക്കുന്ന സ്ഥലത്ത് സവാളയും വെളുത്തുള്ളിയും മുറിച്ച് വെയ്ക്കാവുന്നതാണ്. ഇവയുടെ ഗന്ധം പല്ലിയെ അസ്വസ്ഥതപ്പെടുത്തുമെന്നതിനാൽ ഉള്ളി വെച്ചിട്ടുള്ള ഭാഗത്തേക്ക് പല്ലികൾ അടുക്കില്ല.
ആഹാരസാധനങ്ങളാണ് പല്ലികളെ കൂടുതലായും വീടിനുള്ളിലേക്ക് ആകർഷിക്കുന്നത്. അതിനാൽ ഭക്ഷണസാധനങ്ങൾ നന്നായി അടച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. ബാക്കിയാവുന്ന ഭക്ഷണപദാർത്ഥങ്ങൾ വീടിനുള്ളിൽ നിന്ന് നീക്കം ചെയ്യുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക