ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും നല്ല ഒരു വ്യായാമമാണ് ഓട്ടം. പതിവായി ഓടുന്നത് ഹൃദയത്തെയും ശ്വാസകോശത്തെയും ആരോഗ്യമുള്ളതാക്കുകയും രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. പതിവായുള്ള ഓട്ടം വിഷാദരോഗം ലഘൂകരിക്കാൻ മരുന്നുകളേക്കാൾ കഴിവുണ്ടെന്നാണ് പുതിയൊരു പഠനം തെളിയിക്കുന്നത്.
ആന്റീഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗവുമായി താരതമ്യപ്പെടുത്തുമ്പോൾ പതിവായി ഓടുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്. വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് വ്യായാമത്തിന്റെ ഫലപ്രാപ്തിയും മരുന്നുകളും സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് പുതിയ പഠനം ശ്രദ്ധ നേടുന്നത്.
ഉത്കണ്ഠയോ വിഷാദമോ ഉള്ളതായി കണ്ടെത്തിയ 141 രോഗികളിലാണ് പഠനം നടത്തിയത്. 141 രോഗികളിൽ 45 പേർ ആന്റീഡിപ്രസന്റുകൾ എടുക്കാൻ തീരുമാനിച്ചപ്പോൾ ബാക്കി 96 പേർ റണ്ണിംഗ് തെറാപ്പിയാണ് സെലക്ട് ചെയ്തത്. മരുന്ന് കഴിക്കുന്നതിനും റണ്ണിങ് തെറാപ്പിയ്ക്കും രണ്ട് ഗ്രൂപ്പുകളും 16 ആഴ്ചയാണ് പഠന വ്യവസ്ഥകൾ പാലിക്കേണ്ടത്.
പഠനത്തിനൊടുവിൽ ആന്റീഡിപ്രസന്റ് ഗ്രൂപ്പുമായി റണ്ണിങ് ഗ്രൂപ്പിനെ താരതമ്യപ്പെടുത്തിയപ്പോൾ ഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, രക്തസമ്മർദ്ദം, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവ വലിയ രീതിയിൽ മെച്ചപ്പെട്ടതായി തെളിഞ്ഞു. പഠനം ആരംഭിക്കുന്നതിന് മുമ്പ് ആന്റീഡിപ്രസന്റ് ഗ്രൂപ്പിന് വിഷാദം അൽപ്പം ഉയർന്ന നിലയിലായിരുന്നെന്നും ഗവേഷകർ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക