ഹൈന്ദവവിശ്വാസപ്രകാരം അമ്പലങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. നാം നമ്മെത്തന്നെ ഭഗവാനു സമർപ്പിക്കുന്നുവെന്നാണ് ഇതിന്റെ സങ്കൽപം. യാതൊന്നും ആഗ്രഹിക്കാതെ സമർപ്പിക്കുന്നതാണ് ശ്രേഷ്ഠം.
ഭക്തന്റെ തൂക്കത്തിന് തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം തുലാസിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് ചടങ്ങ്. കാര്യസിദ്ധിക്കനുസൃതമായി ദ്രവ്യം വ്യത്യസ്തമായിരിക്കും. ദുരിതശാന്തിക്കായും ആഗ്രഹപൂർത്തീകരണത്തിനായും രോഗശമനത്തിനായും നടത്തുന്ന ശ്രേഷ്ഠമായ വഴിപാടാണിത്.
സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല്, കയർ എന്നീ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്. വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്.
ഇതിന് പിന്നിൽ ഐതീഹ്യമുണ്ട്. ആദ്യമായി തുലാഭാരം നടത്തിയത് ഭഗവാൻ ശ്രീ കൃഷ്ണന് ആയിരുന്നു. പുരാണപ്രകാരം പത്നി രുഗ്മിണീ ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാൻ സമർപ്പിച്ച വഴിപാടായിരുന്നു ഇത്. തുലാഭാര സമയത്ത് സമർപ്പിച്ച ദ്രവ്യങ്ങൾക്കൊന്നും ഭഗവാന്റെ തട്ട് ഉയർത്താനായില്ല.
അവസാനം ദേവി മനസ്സാൽ സമർപ്പിച്ച ഒരു തുളസീ ദളത്താലാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയർന്നത്. ഇതിലൂടെ തുലാഭാര ദ്രവ്യങ്ങളേക്കാൾ പ്രാധാന്യം ഭക്തിയോടുള്ള സമർപ്പണത്തിനാണെന്നു ഭഗവൻ നമുക്ക് മനസ്സിലാക്കി തരുന്നു.ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തുലാഭാരം.
കുഞ്ഞുങ്ങൾക്കു വേണ്ടി തുലാഭാരം സമർപ്പിക്കുമ്പോൾ ദ്രവ്യങ്ങൾ പ്രത്യേകിച്ച് നോക്കേണ്ടതില്ല എന്ന് പറയപ്പെടുന്നു .ഭക്തരുടെ ആഗ്രഹത്തിനനുസരിച്ച് ഇഷ്ടമുള്ള ദ്രവ്യം കൊണ്ട് തുലാഭാരം നടത്തുന്നതിൽ തെറ്റില്ല. ഓരോ ദ്രവ്യങ്ങൾക്കൊണ്ടു സമർപ്പിക്കുന്ന തുലാഭാരത്തിനു ഓരോരോ ഫലങ്ങളാണുള്ളത്.
തുലാഭാരത്തിനായി ഉപയോഗിക്കുന്ന മറ്റ് ദ്രവ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
1. അവൽ-നെല്ല് തുലാഭാരം
ദാരിദ്ര്യശമനത്തിനായി അവല്,നെല്ല് എന്നീ ദ്രവ്യങ്ങള്‍ കൊണ്ട് തുലാഭാരം നടത്താം. കൃഷ്ണ- കുചേല ബന്ധത്തിന്റെ പ്രതീകം കൂടിയായി ഈ ദ്രവ്യങ്ങളെ കണക്കാക്കുന്നു.
2. മഞ്ചാടി തുലാഭാരം
കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ തുലാഭാര ദ്രവ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മഞ്ചാടി. ദീര്‍ഘായുസ്സ് ലഭിക്കുന്നതിനും നിരന്തരം അലട്ടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുന്നതിനും മഞ്ചാടി ഉപയോഗിച്ചുള്ള തുലാഭാരം ഉത്തമമാണെന്നാണ് വിശ്വാസം.
3.താമരപ്പൂ തുലാഭാരം
താമരപ്പൂവ് മറ്റൊരു പ്രധാനപ്പെട്ട തുലാഭാര ദ്രവ്യമാണ്. കര്‍മ്മലാഭം, ആയുസ്സ്, ആത്മബലം എന്നിവയാണ് താമരപ്പൂകൊണ്ടുള്ള തുലാഭാരത്തിന്റെ ഫലസിദ്ധികള്‍.
4. പഞ്ചസാര തുലാഭാരം
പ്രമേഹരോഗ ശമനത്തിനായി പഞ്ചസാര കൊണ്ടുള്ള തുലാഭാരം നടത്തുന്നത് ഉത്തമമാണ്.
5. കദളിപ്പഴം തുലാഭാരം
കേരളത്തിലെ മിക്കക്ഷേത്രങ്ങളിലും കദളിപ്പഴം ഒരു പ്രധാന നിവേദ്യ ദ്രവ്യമാണ്. അതുകൊണ്ട് തന്നെ കദളിപ്പഴം ഉപയോഗിച്ചുള്ള തുലാഭാരവും പ്രാധാന്യമര്‍ഹിക്കുന്നു. നിരന്തരം അലട്ടുന്ന രോഗങ്ങളില്‍ നിന്നും ശാന്തി നേടാന്‍ കദളിപ്പഴം കൊണ്ടുള്ള തുലാഭാരം ഉത്തമമാണെന്നാണ് വിശ്വാസം.
6. നാളികേരം തുലാഭാരം
നാളികേരത്തിനുമുണ്ട് തുലാഭാര ദ്രവ്യങ്ങളില്‍ പ്രധാന സ്ഥാനം.ദീര്‍ഘനാളായി തുടരുന്ന പല്ലുവേദനയ്ക്ക് ശമനം ലഭിക്കാനും പലകാരണങ്ങളാല്‍ മുഖത്തുണ്ടായ കടുത്ത പാടുകള്‍ മാറാനുമായി ഭക്തര്‍ നാളികേരം കൊണ്ട് തുലാഭാരം നടത്താറുണ്ട്.
7. ഇളനീർ തുലാഭാരം
വൃക്ക- മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, നീര്‍ക്കെട്ട് എന്നിവ ശമിക്കുന്നതിനായി ഇളനീരോ ശുദ്ധജലമോ ഉപയോഗിച്ചുള്ള തുലാഭാരം ഉത്തമമാണ്.
8. പൂവൻപഴം തുലാഭാരം
വാതരോഗ ശമനത്തിനായ പൂവന്‍പഴം കൊണ്ടുള്ള തുലാഭാരമാണ് ഉത്തമം
9. കുരുമുളക് തുലാഭാരം
ചിക്കന്‍പോക്സ് ശമിക്കുന്നതിനായി കുരുമുളക് ഉപയോഗിച്ചുള്ള തുലാഭാരം നടത്താറുണ്ട്. കൊടുങ്ങല്ലൂര്‍ പോലുള്ള ദേവീ ക്ഷേത്രങ്ങളില്‍ ചിക്കന്‍പോക്സ് ശമിക്കുന്നതിനായി കുരുമുളക് നിവേദിക്കുന്നതും വിശ്വാസമാണ്.
10. ചേന തുലാഭാരം
ത്വക്ക് രോഗ ശമനത്തിനായി ചേന കൊണ്ടുള്ള തുലാഭാരം ഉത്തമമാണ്.
11. സ്വർണം, വെള്ളി തുലാഭാരം
ഓരോരുത്തരുടേയും ആഗ്രഹങ്ങളും പ്രാര്‍ത്ഥനയും വ്യത്യസ്ഥമായതിനാല്‍ തുലാഭാര ദ്രവ്യങ്ങളും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം, വെള്ളി എന്നീ ലോഹനാണയങ്ങള്‍ ഉപയോഗിച്ചുള്ള തുലാഭാരം ക്ഷേത്രങ്ങളില്‍ നടക്കാറുണ്ട്. ബിസിനസ്സില്‍ ഉയര്‍ച്ച നേടുന്നതിനായായാണ് ഈ തുലാഭാരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക