വേനൽ അവധികാലമെത്തിയതോടെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ആഘോഷ ലഹരിയിലാണ്. അവധി ദിനങ്ങള്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിദേശത്തുനിന്നെല്ലാം ഒട്ടേറെ സഞ്ചാരികളാണ് ജില്ലയിലേക്കെത്തുന്നത്. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കള്ളിമാലി വ്യൂ പോയിന്റ്.
ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച കള്ളിമാലി വ്യൂപോയിന്റിലേക്ക് ദിനംപ്രതി ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. പൊന്മുടി ഡാമിന്റെ ജലസമൃദ്ധിയും മലഞ്ചെരിവിന്റെയും പുല്‍മേടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാനും സൂര്യാസ്തമയം വീക്ഷിക്കാനും ആണ് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. ഡാമിന്റെയും പന്നിയാർ പുഴയുടെയും മനോഹര ദൃശ്യങ്ങൾ ഇവിടെ നിന്നാൽ ആസ്വദിക്കാൻ കഴിയും. കൂടെ നല്ല തണുത്ത കാറ്റും കൊള്ളാം.
വ്യൂ പോയിന്റ് മാത്രമല്ല, പൊന്മുടി ഡാം, വിവിധ ഇടങ്ങളിൽ നിന്നായി പൊന്മുടി ഡാം കാണാനുള്ള വ്യൂ പോയിന്റുകൾ, കുത്തുങ്കൽ വെള്ളച്ചാട്ടം, ശ്രീനാരായണപുരം വെള്ളച്ചാട്ടം,വെള്ളത്തൂവലിലെ പവർഹൗസുകൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ കൂടി ഇവിടെ കാണാനുണ്ട്.
തിരക്കുകളിൽ നിന്നും ഓടി വന്ന് ശാന്തമായ ഒരിടത്തിരുന്ന് സായാഹ്ന കാറ്റുകൊണ്ട്, വൈകുന്നേരത്തിന്റെ ഭംഗിയിൽ ഇങ്ങനെ നോക്കിയിരിക്കാൻ ഇഷ്ടമുള്ളവർക്ക് യോജിച്ച സ്ഥലമാണിത്. ഇടുക്കിയിലെ ഓഫ്ബീറ്റ് ഇടങ്ങൾ തിരയുന്നവർക്കും അധികമാരും വന്നെത്താ സ്ഥലങ്ങൾ അന്വേഷിക്കുന്നവർക്കും ഇവിടേക്ക് വരാം.
ജലസമൃദ്ധമായ പൊന്മുടി ഡാമിന്റെ അരികിലേക്ക് സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാതെ ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തും. പരിചയസമ്പന്നരായ വഴികാട്ടികളുടെയും നാട്ടുകാരുടെയും സഹായത്തോടെ മാത്രം ഇവിടെ യാത്ര ചെയ്യണം. രാജാക്കാട് ടൗണിലും പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ടുകളിലും താമസസൗകര്യം ലഭ്യമാണ്.
രാജാക്കാട് അടിമാലി റോഡില്‍ അമ്പലക്കവലയില്‍നിന്ന് ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. മൂന്നാറിൽ നിന്ന് കള്ളിമാലി വ്യൂ പോയിന്റിലേക്ക് വരാൻ ആനച്ചാൽ – കുഞ്ചിത്തണ്ണി റോഡ് വഴി 28.8 കിലോമീറ്റർ ദൂരം ആണ്. ഒരു മണിക്കൂറിനടുത്ത് സമയം വേണം ഈ വഴി എത്തുവാൻ. എറണാകുളത്ത് നിന്നു വരുമ്പോൾ മൂവാറ്റുപുഴ വഴി വണ്ണപ്പുറം കയറി വെൺമണി- കല്ലാർകുട്ടി- പന്നിയാർകുട്ടി – പൊൻമുടി ഡാം വഴി എത്താം. 116 കിലോമീറ്ററാണ് ആകെ സഞ്ചരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക