ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് ചെറിയപെരുന്നാൾ ആഘോഷം. ചൊവ്വാഴ്ച രാത്രി ശവ്വാൽ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ വ്രതം 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ഈദുൽഫിത്തർ ആഘോഷിക്കുന്നത്.പെരുന്നാൾ നമസ്കാരത്തിന് പള്ളികളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
ഡൽഹി ജമാ മസ്ജിദിൽ ആയിരക്കണക്കിന് വിശ്വാസികൾ ഒത്തുകൂടും. ഡൽഹി മലയാളികൾ ഒത്തുകൂടുന്ന ഓഖിയിലെ മർക്കസ് മസ്ജിദിലും പാർലമെന്റിന് സമീപത്തെ ഷാഹി മസ്ജിദിലും നിരവധിപ്പേർ നമസ്ക്കാരത്തിനെത്തും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൈകുന്നേരം കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ ചെറിയ പെരുന്നാൾ ഇന്നലെയായിരുന്നു. മലപ്പുറം പൊന്നാനിയിലാണ് ശവ്വാൽ മാസപ്പിറവി ദൃശ്യമായത്. റമസാൻ 29 പൂർത്തിയാക്കിയാണ് കേരളത്തിൽ ഇന്നലെ ഈദുൽ ഫിത്ർ എത്തിയത്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആണ് പെരുന്നാൾ പ്രഖ്യാപിച്ചത്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും പെരുന്നാൾ ആശംസകൾ നേർന്നു.ഗള്‍ഫ് നാടുകളിലും ബുധനാഴ്ച ചെറിയപെരുന്നാളാഘോഷിച്ചു.
റമദാൻ വ്രതാനുഷ്ടാനം പോലെ വിശ്വാസികൾക്ക് പെരുന്നാൾ ആഘോഷവും പ്രധാനമാണ്. പെരുന്നാൾ ദിനത്തിൽ പുതു വസ്ത്രങ്ങൾ വാങ്ങുന്നതടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. റമദാനിൽ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക