തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ആവും എന്ന് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എം പി കേരള സർവകലാശാലയിൽ നടത്താനിരുന്ന പ്രസംഗം വൈസ് ചാൻസിലർ തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.15 ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിൽ നടക്കേണ്ടിയിരുന്ന ‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി നടത്താനിരുന്ന പ്രസംഗമാണ് കേരള സർവകലാശാല വൈസ് ചാൻസലർ തടഞ്ഞത്.
പ്രതിമാസ പ്രഭാഷണ പരമ്പരയായി ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ആണ് സർവ്വകലാശാലയിൽ പരിപാടി സംഘടിപ്പിച്ചത്. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷനോ യൂണിവേഴ്സിറ്റി റജിസ്ട്രാറോ തങ്ങളോട് പരിപാടി നടത്തരുതെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
പ്രഭാഷണ പരമ്പര പൊതു പരിപാടി അല്ലെന്നും പ്രഭാഷണ പരമ്പരക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട് എന്നും അറിയിച്ച യൂണിയൻ ഭാരവാഹികൾ യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്നും പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.15ന് നടത്താനിരുന്ന പരിപാടിയാണ് തെരഞ്ഞെടുപ്പ് ചട്ട ലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടി സർവകലാശാല വൈസ് ചാൻസിലർ തടഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക