നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അടുത്തിടെയായി പരീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ സൗകര്യാര്‍ഥം ആണ് തുടര്‍ച്ചയായി ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ പുതിയതായി കോണ്ടാക്ട് നോട്ട്സ് എന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
വാട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ കൂടി ചേര്‍ത്ത് നല്കാന് കഴിയുന്ന വിധമാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡ് 2.24.9.12 അപ്ഡേറ്റിനായുള്ള പുതിയ വാട്സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ എടുത്തവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേവ് ചെയ്ത് വെയ്ക്കാന്‍ കൂടി ബിസിനസ് ഉപയോക്താക്കള്‍ക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍.
ചാറ്റില്‍ കോണ്ടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്സ് സെക്ഷന്‍ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോണ്‍ടാക്ടുകളോടും ചേര്‍ത്ത് നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മുന്‍പത്തെ ചാറ്റ് വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നവിധം പ്രധാനപ്പെട്ട കാര്യങ്ങള്‍ കുറിച്ചുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.
ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഫീച്ചര്‍ ഉപകാരമാണ്. വീണ്ടും ചാറ്റ് ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ വാട്സ്ആപ്പ് പ്രൊഫൈല്‍, കോണ്ടാക്ട് വിശദാംശങ്ങള്‍ എന്നിവ ഓര്‍ത്തെടുക്കാതെ തന്നെ ആശയവിനിമയം നടത്താന്‍ സാധിക്കും.
കഴിഞ്ഞ ദിവസം കോണ്ടാക്ട് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചര്‍ പുതിയതായി അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനായി ‘കോണ്ടാക്റ്റ് സജഷന്‍’ ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ ഇന്സ്റ്റഗ്രാമിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസ് അപ്ഡേറ്റില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്ഡേഷന് ഉടനെത്തും. ഇന്‍സ്റ്റഗ്രാമിലെ പോലെ തന്നെ മെന്‍ഷന്‍ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്സിന് മെന്‍ഷന്‍ ചെയ്ത പേരുകള്‍ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. പക്ഷേ ഇന്‍സ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെന്‍ഷന്‍ ചെയ്യാനാകില്ല. കഴിഞ്ഞ ദിവസമാണ് പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച അപ്ഡേഷന് പുറത്തുവന്നത്. വൈകാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക