മലയാള സിനിമയുടെ എല്ലാ ‘സീനും മാറ്റി’ ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ ഒ.ടി.ടിയിലൊരുങ്ങുന്നതായി റിപ്പോർട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തുന്നത്. മെയ് മൂന്നിനാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിന്റെ ട്രെയിലർ ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടുണ്ട്.
ജാൻ- എ- മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 22 നാണ് തിയറ്ററുകളിൽ എത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചത്.
ഒ.ടി.ടി പ്ലാറ്റ്ഫോമിൽ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. മോളിവുഡിലെ ആദ്യത്തെ 200കോടി ക്ലബ് ചിത്രം എന്ന ഖ്യാതിയും മഞ്ഞുമ്മലിനാണ്. ഒടിടി റിലീസിന് മുൻപ് ചിത്രം 250 കോടി കളക്ഷൻ നേടിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക