സംവിധായകൻ ലോകേഷ് കനകരാജിന്റേ പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് രജനികാന്ത് ആണ്. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിനു പേരായി. ‘കൂലി’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നാണ് ടൈറ്റില്‍ ടീസര്‍ നല്കുന്ന സൂചന.
ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സണ്‍ പിക്ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റായ ജയിലറും സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിച്ചത്.
സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, അദ്ദേഹത്തിന്റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ് കൂലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക