സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്മാന് അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പെരുമാനി’യുടെ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രത്തിന്റെ ഏകദേശ സാരാംശം വ്യക്തമാക്കുന്നു വിധത്തിലാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് ആണ് ട്രെയ്ലര് റിലീസ് ചെയ്തത്.
പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമ ‘അപ്പൻ’ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ്. മെയ് 10 ന് ചിത്രം തിയറ്ററുകളിലെത്തും.
മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസർ ദുൽഖർ സൽമാനാണ് റിലീസ് ചെയ്തത്. വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയ ടീസർ കലഹങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത ഗ്രാമമാണ് പെരുമാനി എന്ന സൂചനയാണ് നൽകിയത്.
പെരുമാനിക്കാരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്സ്’ എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പർട്ടികളുടെ പോസ്റ്ററുകളും ടീസറിന് പിന്നാലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഈ ചായക്കടയിൽ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്.
ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക