വിഷു റിലീസ് ആയെത്തി തിയേറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച അര്‍മാദം എന്ന ഗാനമാണിത്. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. പ്രണവം ശശിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത രോമാഞ്ചത്തിന്റെ സംവിധായകന് ജിത്തു മാധവന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു എന്നതിനാൽ തന്നെ പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ആവേശം.
ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ആവേശം. ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ടാഴ്ച കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബിലും ഇടംനേടിയിരുന്നു.
ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാര്‍ഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്ലോട്ട്.
അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക