സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഗവി കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. ഇതോടെ കെ.എസ്.ആര്.ടി.സിയുടെ പുതിയ ഗവി ട്രിപ്പുകളും പുനരാരംഭിച്ചിരുന്നു. പുതിയ സീസണ് തുടങ്ങിയതോടെ ഗവി കെഎസ്ആര്‍ടിസി പാക്കേജിന്റെ നിരക്കും വർധിപ്പിച്ചു. 500 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പറേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. മെയ് ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക.
പത്തനംതിട്ടയില്‍ നിന്നുള്ള ട്രിപ്പിന് യാത്രാ നിരക്ക്, പ്രവേശന ഫീസ്, ബോട്ടിങ്, ഊണ് തുടങ്ങിയവ ഉള്‍പ്പെടെ നിലവില്‍ 1300 രൂപ നൽകണം. കൊച്ചുപമ്പയില്‍ 2 കിലോമീറ്റര്‍ ട്രക്കിങ് പുതുതായി ഉള്‍പ്പെടുത്തിയതാണ് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള കാരണം. ട്രക്കിങ്ങിന് പോകാത്തവരും പണം അടയ്ക്കണം. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകളില്‍ ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയാണ് ഗവി.
ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകള്‍. അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പരുന്തുപാറ കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്ന രീതിയിലാണ് യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക