താനൂരിലെ കസ്റ്റഡി കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതി പട്ടികയിലുള്ള നാല് പോലീസുകാരെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിലാണ് പ്രതികളായ നാല് പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതി പട്ടികയിൽ ഉൾപ്പെട്ട സീനിയർ സി പി ഒ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് സിബിഐ ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റ് ഉണ്ടാകുന്നത്.
കേസിലെ ഒന്നാം പ്രതി ജിനേഷ്, നാലാം പ്രതി വിപിൻ എന്നിവരെ വള്ളിക്കുന്നിൽ നിന്നും രണ്ടാം പ്രതിയായ ആൽബിൻ അഗസ്റ്റിനെ നീണ്ടുകരയിലെ ഇയാളുടെ വീട്ടിൽ നിന്നും മൂന്നാം പ്രതി അഭിമന്യുവിനെ താനൂരിലെ താമരക്കുളത്തു നിന്നുമാണ് സിപിഐ സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം എസ്പിയുടെ കീഴിലുള്ള ലഹരി വിരുദ്ധ കർമ്മ സേനയായ ഡാൻസാഫ് സംഘം എംഡി എം എ കൈവശം വെച്ച കേസിലാണ് മലപ്പുറം മമ്പുറം സ്വദേശിയായ താമിർ ജിഫ്രിയേയും കൂടെയുള്ളവരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ ഓഗസ്റ്റ് ഒന്നിന് പുലർച്ചയാണ് താമർജിഫ്രി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക