നിരവധി നാടകങ്ങൾക്കും സിനിമകൾക്കും ഗാന രചന നിർവഹിച്ചിട്ടുള്ള പ്രശസ്ത ഗാന രചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു. പി ഗോവിന്ദൻകുട്ടി എന്നാണ് യഥാർത്ഥ പേര്. തൃശ്ശൂരിൽ 1958 ൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിൽ കെ എസ് ജോർജും സുലോചനയും ചേർന്ന് ആലപിച്ച ‘രക്തത്തിരകൾ നീന്തി വരും’ എന്ന ഗാനം എഴുതിക്കൊണ്ട് ഗാന രചനയിലേക്ക് കടന്ന അദ്ദേഹം പിന്നീട് 60 ഓളം നാടകങ്ങൾക്കും 10 ഓളം സിനിമകൾക്കും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
പി ജി രവി സംവിധാനം ചെയ്ത ‘പാദസരം’ എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പി ജയചന്ദ്രൻ ആലപിച്ച ‘കാറ്റു വന്നു നിന്റെ കാമുകൻ വന്നു’ എന്ന ഹിറ്റ് ഗാനത്തിലൂടെ 1978 ലാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. നാളെ വൈകിട്ട് 4 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിലാണ് സംസ്കാരം നടക്കുക. എൻ രാജലക്ഷ്മിയാണ് ജി കെ പള്ളത്തിന്റെ ഭാര്യ. നയന, സുഹാസ്, രാധിക എന്നിവർ മക്കളും പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ എന്നിവർ മരുമക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക