മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിക്കുന്ന ഫാന്റസി ഹൊറർ ചിത്രം ‘ഗു’ ട്രെയിലർ പുറത്തിറങ്ങി. ഗുളികന്റെ കഥയുമായി എത്തുന്ന ഹൊറർ ഫാന്റസി ചിത്രമായി ഒരുക്കിയിട്ടുള്ള ‘ഗു’ മെയ് 17നാണ് തിയേറ്ററുകളിൽ എത്തുക.
ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവനന്ദയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നവാഗത സംവിധായകനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവനന്ദയുടെ അച്ഛനായി നടൻ സൈജു കുറുപ്പ് വേഷമിടുന്നു.
മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാൻ അച്ഛനും അമ്മയ്ക്കും ഒപ്പം എത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റു കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾ പ്രമേയമാകുന്ന ചിത്രത്തിൽ ദേവനന്ദയെ കൂടാതെ നിരവധി കുട്ടികളും വേഷമിടുന്നുണ്ട്.
മിന്ന എന്ന കഥാപാത്രമായാണ് ദേവനന്ദ ചിത്രത്തിൽ എത്തുന്നത്. മിന്നയുടെ അച്ഛനായി സൈജു കുറുപ്പ് വേഷമിടുമ്പോൾ നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായി വേഷമിടുന്നു. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച മനു രാധാകൃഷ്ണൻ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ആയാണ് നടന്നത്.
ദേവനന്ദ, സൈജു കുറുപ്പ്, അശ്വതി മനോഹരൻ എന്നിവരെ കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു,രമേശ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയ സിംസൺ എന്നിവരും ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക