തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കിയിൽ വെള്ളിയാഴ്ചയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച വരെ കടുത്ത ചൂട് തുടരും. ഉയര്‍ന്ന താപനില കണക്കിലെടുത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കണം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക