പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ കെപിസിസി ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കെപിസിസിക്കെതിരെ നടപടിയെടുക്കണം എന്നാണ് സുരേന്ദ്രൻ ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് കോൺഗ്രസിന്റെ കേരള ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നാണ് എന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി പണം കൊണ്ടുപോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിന്റെ ഇതേ അക്കൗണ്ടിൽ നിന്നാണ് അഞ്ചുവർഷം മുൻപ് വ്യാജ വീഡിയോ ആദ്യമായി പ്രചരിപ്പിക്കപ്പെട്ടത് എന്നും ഈ വീഡിയോ വ്യാജമാണെന്ന് അന്നേ തെളിഞ്ഞതാണെന്നും അതിന് മാപ്പ് പറയുന്നതിന് പകരം കോൺഗ്രസ് വീണ്ടും വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.
നരേന്ദ്രമോദി വ്യോമസേനയുടെ സുരക്ഷാ ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിക്കുന്നു എന്ന് പറയുന്നതിലൂടെ കോൺഗ്രസ് രാജ്യത്തിന്റെ സൈന്യത്തെയാണ് അപമാനിക്കുന്നത് എന്നും ഇലക്ഷൻ കമ്മീഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക