കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ആഡംബര ബസായ നവകേരള ബസിന്റെ ബാംഗ്ലൂർ സർവ്വീസ് ലാഭകരമെന്ന് കെഎസ്ആർടിസി. നവകേരള യാത്രയ്ക്കായി ഉപയോഗിച്ച ബസ് പിന്നീട് കെഎസ്ആർടിസിക്ക് കൈമാറുകയായിരുന്നു.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സർവീസ്. ബസ്സിന്റെ ആദ്യ യാത്രയില്‍ ഡോർ ഇളകിമാറിയതിനെ തുടർന്ന് വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു.
നവകേരള ബസിന്റെ ഗരുഡ പതിപ്പ് വിജയകരവും ലാഭകരവുമാണെന്നാണ് കെഎസ്ആർടിസി അവകാശപ്പെടുന്നത്. പത്ത് ദിവസത്തിൽ കിലോ മീറ്ററിന് 63.27 രൂപ ബസ് കളക്ഷന്‍ നേടി. പൊതുവേ യാത്രക്കാർ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പ്രതിദിനം കിലോ മീറ്ററിന് 60.77 രൂപ മുതൽ 85.26 രൂപ വരെ കളക്ഷൻ നേടി.
450ൽ കുടുതൽ യാത്രക്കാർ ഗരുഡ പ്രീമിയം സർവീസിൽ ഇതിനകം യാത്ര ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ പ്രതിദിനം 46,000 രൂപയ്ക്കു മുകളിൽ വരുമാനം ബസ്സിൽ നിന്നും ലഭിക്കുന്നുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക