തൊടുപുഴ: ഇടുക്കിയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി നൽകാൻ ജില്ലാ കളക്ടറുടെ നിർദേശം. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി നൽകാൻ നിർദേശിച്ചത്. സ്കൂളുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകും.
തീവ്ര മഴ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 7 മണി മുതല്‍ രാവിലെ 6 മണി വരെ മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്കും നിരോധനം ഏർപെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് നിരോധനം.
ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്കാന് ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കേന്ദ്രകലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും 3 ദിവസം മുന്നേ (മെയ് 22) ആണ് ഇത്തവണ കാലവർഷ തുടക്കം. കേരളത്തിൽ മെയ് 31ന് കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക