രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് ചായ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് മിക്കവരും. എന്നാൽ കഫീൻ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങൾ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഐസിഎംആർ പുറത്തിറക്കിയ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പുതുക്കിയ ഡയറ്ററി മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.
ചായ കൂടുതൽ തവണ കുടിക്കുന്നതു പോലെ തന്നെ പാൽ ചായ കൂടുതൽ തിളപ്പിക്കുന്നതും ആരോഗ്യത്തിന് പ്രശ്നമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധർ. കടുപ്പം വേണമെന്ന കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളും.
അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങൾ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും.
പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നൽകുന്നത്. കൂടുതൽ നേരം വെക്കുന്നത് തെയിലയുടെ കടപ്പു കൂട്ടാൻ കാരണമാകും. ഇത് ചായക്ക് ചവർപ്പ് രുചി നൽകും.
പാൽ ചായ അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉത്പാദിപ്പിക്കും. അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്. മറ്റൊന്ന് അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ നിർജ്ജലീകരണത്തിനും അവയുടെ ഘടനയിൽ മാറ്റം വരുത്തുന്നതിനും അവയെ ദഹിപ്പിക്കാൻ കൂടുതൽ പ്രയാസകരമാക്കുന്നതിനും ഇടയാക്കും. മാത്രമല്ല, അമിതമായി തിളപ്പിക്കുന്നത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക