നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ധാരാളം ഔഷധഗുണമുള്ള സസ്യമാണ് കച്ചൂരി അഥവാ കച്ചോലം. കച്ചോലത്തിന്റെ ഇലയ്ക്കും കിഴങ്ങിനും നല്ല സുഗന്ധമാണ്. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നു പറയാറുണ്ട്.
വ്യവസായിക ആവശ്യത്തിനായി തെക്ക് കിഴക്കൻ ഏഷ്യയിൽ കൃഷി ചെയ്യുന്നുണ്ട്. വളക്കൂറും നനവുമുള്ള പ്രദേശത്താണ് കച്ചോലം വളരുന്നത്. മൂപ്പെത്തിയ ചെടിയിലെ കിഴങ്ങുകൾ ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയും ചെയ്യാം. നിരവധി ആരോഗ്യ ഗുണങ്ങളാണ് കച്ചേയാലത്തിനുള്ളത്.
ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിവിധിയായി കച്ചോലം ഉപയോഗിക്കുന്നുണ്ട്. കൂടാതെ വിരശല്യം ഒഴിവാക്കാനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കെതിരെയും ഈ ചെടിയില്‍ നിന്നുള്ള ഔഷധം ഉപയോഗിക്കുന്നു.
കച്ചോലം ചതച്ച് പല്ലിൽ വച്ചാൽ പല്ലുവേദന മാറും. കച്ചോലത്തിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറുവേദന, എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കച്ചോല കിഴങ്ങ് ഉണക്കി പൊടിച്ച് തേനിൽ ചേർത്ത് കഴിച്ചാൽ ചുമ ശമിക്കും.
രക്തം ശുദ്ധീകരിക്കുന്നതിനും അസ്ഥിസ്രാവത്തിനും കച്ചോലത്തിന്റെ പച്ചക്കിഴങ്ങ് അരച്ച് കഴിക്കുന്നത് ഉത്തമമാണ്. കച്ചോലപ്പൊടി തുളസിനീരിലോ നാരങ്ങാ നീരിലോ അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന, ജലദോഷം എന്നിവ മാറും. കച്ചോല കിഴങ്ങ് ശീലമാക്കിയാൽ ചർമം മൃദുലമാകും.
അഗസ്ത്യരസായനം, ദശമൂലാരിഷ്ടം, ച്യവനപ്രാശം, രാസ്നാദിപ്പൊടി എന്നിവയിലെ പ്രധാന ഘടകമാണ് കച്ചോലം. വിഷവസ്തുക്കളെ പുറന്തള്ളാനുള്ള കഴിവാണ് പ്രധാനം. വ്യാവസായികമായി വളര്‍ത്തുന്നവര്‍ക്ക് ഔഷധമുണ്ടാക്കാനായി വിറ്റഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക