ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മറ്റൊരു മലയാളം വെബ് സീരീസ് കൂടി പ്രഖ്യാപിച്ചു. ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ എന്നാണ് സീരിസിന്റെ പേര്. സുരാജ് വെഞ്ഞാറന്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്യുന്നത് നിഥിന് രണ്‍ജി പണിക്കരാണ്.
‘കസബ’, ‘കാവൽ’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആണ് നിതിൻ രഞ്ജി പണിക്കർ. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന് സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’.സീരിസിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
സുരാജ് വെഞ്ഞാറമൂട് ടൈറ്റിൽ റോളിലെത്തുന്ന സീരീസിൽ ശ്വേത മേനോൻ, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് നായികമാരായി എത്തുന്നത്. ബഹുഭാര്യത്വ ബന്ധം പുലർത്തുന്നയാളുടെ വേഷമാണ് സുരാജ് കൈകാര്യം ചെയ്യുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘1 ജീവിതം 5 ഭാര്യമാർ’ എന്നാണ് വെബ് സീരീസിന്റെ ടാഗ് ലൈൻ.
രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ഈ സീരിസില്‍ അണി നിരക്കുന്നുണ്ട്. ഒരു കോമഡി എന്റർടെയ്നറായിരിക്കാം ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. സീരീസിന്റെ റിലീസ് തീയതി ഡിസ്നിയുടെ ഔദ്യോഗിക പേജിലൂടെ ഉടൻ അറിയിക്കുന്നതാണ്. വലിയ സ്വപ്നങ്ങൾ, നിറയെ ചിരി. ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’വരുന്നു എന്നാണ് ഡിസ്നി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ നേരത്തെ സ്ട്രീം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക