ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഓംലെറ്റ്. എന്നും ഒരേ രീതിയിലാണ് നിങ്ങൾ ഓംലെറ്റ് തയ്യാറാക്കാറുള്ളത്. പതിവിൽ നിന്നും വ്യത്യസ്തമായി നമുക്കൊരു സ്പെഷ്യൽ ഓംലെറ്റ് തയ്യാറാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഓംലെറ്റ് വളരെയധികം ഹെൽത്തിയുമാണ്. ഓട്സ് ഉപയോഗിച്ചാണ് ഈ സ്പെഷ്യൽ ഓംലെറ്റ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്.
ഇതിനായി ആദ്യം തന്നെ കുറച്ച് ഓട്സ് എടുത്ത് മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഇത് നല്ലതുപോലെ പൊടിച്ചെടുക്കണം. പൊടിച്ചെടുത്ത ഓട്സ് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം. ഇതിലേക്ക് അല്പം പാൽ ഒഴിച്ചതിനു ശേഷം കുതിരാനായി മാറ്റിവയ്ക്കാം. മറ്റൊരു പാത്രത്തിലേക്ക് ആവശ്യാനുസരണം മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുക്കാം. പാകത്തിന് ഉപ്പും ആവശ്യനുസരണം കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം.
ശേഷം ഇതിലേക്ക് അരിഞ്ഞെടുത്ത സവാള, പച്ചമുളക്, തക്കാളി, ക്യാരറ്റ്, അല്പം മല്ലിയില എന്നിവ കൂടി ചേർത്തു കൊടുക്കാം. ഇവയെല്ലാം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഈ മുട്ടയുടെ മിക്സ് പാലൊഴിച്ച് കുതിർക്കാനായി മാറ്റി വെച്ചിട്ടുള്ള ഓട്സിലേക്ക് ചേർത്ത്കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.
ഇനി ഓംലെറ്റ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്തു വച്ച് ചൂടാക്കി എടുക്കാം. അല്പം എണ്ണ തടവിയതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ടയുടെ മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇരുപുറവും തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കാം. രുചികരവും ഹെൽത്തിയുമായ ഓട്സ് ഓംലെറ്റ് തയ്യാറായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക