ചിൻ അഥവാ താടിയുടെ താഴെയുള്ള ഭാഗം തൂങ്ങി നിന്ന് ഒരു ലെയർ കൂടി ഉള്ളതുപോലെ തോന്നിപ്പിക്കുന്ന അവസ്ഥയാണ് ഡബിൾ ചിൻ അഥവാ ഇരട്ടത്താടി. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് വരാം. അമിതവണ്ണമാണ് ഇരട്ടത്താടിക്ക് പിന്നിലെ ഒരു പ്രധാന വില്ലൻ. പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ് ഇത്. ഇരട്ടത്താടി ഒഴിവാക്കി പെർഫെക്ട് ആയ ജോ ലൈൻ ഉണ്ടാക്കിയെടുക്കാനും വ്യായാമങ്ങൾ ഉണ്ട്.
വയറിനു ചുറ്റും കൊഴുപ്പ് അടിയുമ്പോൾ അത് കുടവയർ ആവുന്നത് പോലെ താടിയുടെ താഴ്ഭാഗത്തെ കൊഴുപ്പ് താഴോട്ട് തൂങ്ങി നിൽക്കുന്നതാണിത്. ചില ആളുകൾക്ക് പാരമ്പര്യമായി ഇരട്ടത്താടി കണ്ടുവരാറുണ്ട്. മറ്റു ചിലർക്ക് ചെറുപ്പം പിന്നിട്ട് മധ്യവയസ്സിലേക്ക് കടക്കുമ്പോൾ താടിയുടെ താഴെയുള്ള മസിലിന്റെ ബലം കുറയുന്നത് വഴി ഡബിൾ ചിൻ വരും.
നിങ്ങളുടെ ഡബിൾ ചിൻ കുറയ്ക്കാനും ആ ഭാഗത്തെ പേശികളെ ബലപ്പെടുത്താനും സഹായിക്കുന്ന വളരെ ലളിതമായ ചില വ്യായാമങ്ങൾ നോക്കാം.
ജോ റിലീസ് എക്സർസൈസ്: താടിയെല്ലിനു ചുറ്റുമുള്ള പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണ് ജോ റിലീസ് എക്സർസൈസ്.
- നട്ടെല്ല് നിവർത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
- വായടച്ച് താടിയെല്ലിലെ പേശികളെ വിശ്രാന്തിയിലാക്കുക.
- മൂക്കിലൂടെ ആഴത്തിൽ ശ്വസിക്കുക.
- വായ പരമാവധി തുറന്നു പിടിക്കുന്നതോടൊപ്പം സാവധാനം
- ഉച്ഛ്വസിക്കുക. അതേസമയം താടിയിലേക്ക് നാവ് നീട്ടിപ്പിടിക്കുകയും വേണം.
- ഏതാനും സെക്കന്റുകൾ ഈ അവസ്ഥയിൽ തുടരുക. പിന്നീട് താടിയെല്ല് റിലാക്സ് ചെയ്ത് വായ അടയ്ക്കുക.
- അഞ്ചു മുതൽ പത്തു തവണ ഇത് ആവർത്തിക്കുക.
ചീക്ക് പഫ് എക്സർസൈസ്: കവിളിലെ പേശികളെ ടോൺ ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണിത്. കവിളു കുറയ്ക്കാൻ സഹായിക്കും.
- നട്ടെല്ല് നിവർത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
- കവിൾ നിറയെ വായു നിറച്ച് വായിലൂടെ ദീർഘമായി ശ്വസിക്കുക.
- അഞ്ചു മുതൽ പത്തു സെക്കന്റ് വരെ കവിളിൽ വായു നിറച്ച് വയ്ക്കുക.
- സാവധാനം കവിളിലെ വായുവിനെ പുറന്തള്ളിക്കൊണ്ട് വായിലൂടെ ഉച്ഛ്വസിക്കുക.
- അഞ്ചു മുതൽ പത്തു തവണ വരെ ഇത് ആവർത്തിക്കുക.
നെക്ക് റോൾ എക്സർസൈസ്: കഴുത്തിലെയും താടിയിലെയും പേശികളെ റിലാക്സ് ചെയ്യ്പ്പിക്കുന്നു. ഇത് ഇരട്ടത്താടി കുറയ്ക്കാനും ജോലൈൻ മെച്ചപ്പെടുത്താനും സഹായിക്കും.
- തോളുകളെ വിശ്രാന്തിയിലാക്കി, നട്ടെല്ല് നിവർത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.
- വലതു തോളിലേക്ക് തല ചെരിക്കുക. ചെവി തോളിൽ മുട്ടിക്കുക.
- താടി നെഞ്ചിലേക്കു വരത്തക്കവണ്ണം തല സാവധാനം ചുറ്റിക്കുക.
- ഇടതു തോളിലേക്കും തല ചുറ്റിക്കുക. ഈ സമയം ഇടതു തോളിൽ ഇടതു ചെവി മുട്ടിക്കുക.
- തുടങ്ങിയ ഇടത്ത് എത്തിയ ശേഷം എതിർ ദിശയിൽ തല ചലിപ്പിച്ച് വ്യായാമം ചെയ്യുക.
- ഓരോ ദിശയിലും 5 മുതൽ 10 തവണ വരെ ഈ വ്യായാമം ആവർത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക