എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പഴമാണ് മാമ്പഴം. മാമ്പഴ കാലമായാൽ മാങ്ങാപഴം കൊണ്ട് നിരവധി വിഭവങ്ങൾ ആണ് തയ്യാറാക്കുന്നത്. മാമ്പഴം കൊണ്ട് കിണ്ണത്തപ്പം തയ്യാറാക്കിയാലോ. വീട്ടില്‍ ഇരുന്നു ബോറടിക്കുന്ന സമയത്തു കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കഴിക്കാന്‍ പറ്റുന്ന, വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കുളിര്മയേകുന്ന ഒരു വിഭവമാണ് കിണ്ണത്തപ്പം.
കിണ്ണത്തപ്പം എല്ലാവർക്കും ഏറെ ഇഷ്ടപെടുന്ന ഒരു പലഹാരമാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയിലാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. സാധാരണയായി അരിപ്പൊടി, തേങ്ങാപ്പാൽ, പഞ്ചസാര തുടങ്ങിയവ കൊണ്ടാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. പച്ചരി അരച്ചും ഇത് ഉണ്ടാക്കാറുണ്ട്. മാമ്പഴം കൊണ്ടുള്ള കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
നല്ല പഴുത്ത മാങ്ങ – 1
തേങ്ങാപ്പാൽ – 1 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
പഞ്ചസാര – 1/ 2 കപ്പ്
ബദാം, പിസ്ത് – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മാങ്ങ തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക.
ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ കഷ്ണങ്ങൾ ഇട്ടു നന്നായി അടിച്ചെടുക്കുക.
അടിച്ചെടുത്ത മാങ്ങയിലേക്ക് തേങ്ങാപ്പാൽ, പഞ്ചസാര, അരിപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഒരു കിണ്ണത്തിൽ ബട്ടർ പേപ്പർ (വാഴയില ) വച്ച ശേഷം മാങ്ങാ മിക്സ് ഒഴിച്ച് കൊടുക്കുക. ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളിപ്പിച്ച ശേഷം 15 മിനിറ്റ് ആവിയിൽ കിണ്ണത്തപ്പം വേവിച്ചെടുക്കുക. കിണ്ണത്തപ്പം ചൂടാറിയ ശേഷം ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക