കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. പായല്‍ കപാഡിയയുടെ ആദ്യ സംരംഭമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. സീന്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ എന്ന ചിത്രത്തിനാണ് ഇത്തവണത്തെ പാംദോര്‍ പുരസ്കാരം.
ഷാജി എൻ കരുൺ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ ‘സ്വം’ ആണ് ഇതിനുമുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കാനിൽ മത്സരിക്കുന്നുവെന്ന് ചലച്ചിത്രമേളയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാഗ്നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങൾക്കൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിച്ചത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമയാണ് ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’.
മുംബൈയില്‍ താമസിക്കുന്ന രണ്ട് നഴ്സുമാരായ പ്രഭയുടെയും അനുവിന്റെയും പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ പറയുന്നത്. കനിക്കും ദിവ്യയ്ക്കുമൊപ്പം അസീസ് ഹനീഫ, ഹൃദു ഹാറൂണ്‍, ലവ്ലീന്‍ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ഇന്തോ-ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമായ ചിത്രം ചോക്ക് ആന്‍ഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനര്‍ പെറ്റിറ്റ് ചാവോസും ചേര്‍ന്നാണ് സഹ നിര്‍മ്മാണം നടത്തിയത്. പായല്‍ കപാഡിയയുടെ എ നൈറ്റ് നോയിങ് നത്തിങ് എന്ന ചിത്രം 2021ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്കാരം നേടിയിരുന്നു.
ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററിലായിരുന്നു ഓള് വി ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രിമിയര്‍ സംഘടിപ്പിച്ചത്. സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത്. നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ അംഗീകാരത്തെ നെഞ്ചേറ്റിയത്. കാന്‍ മത്സരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ സംവിധായിക കൂടിയാണ് പായല്‍ കപാഡിയ.
പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പായൽ സംവിധാനം ചെയ്ത ‘എ നൈറ്റ് നോയിങ് നത്തിങ്’ എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമ്മാണ സംരംഭമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക