ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊൽക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി. കൊൽക്കത്ത വിമാനത്താവളം അടച്ചു.
പശ്ചിമ ബംഗാൾ, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിലും വടക്കൻ ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊലീസ് കൺട്രോൾ റൂമുകൾ തുറന്നു. ഇന്ന് രാവിലെയോടെ കാറ്റ് ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി നില്‍ക്കുകയാണ്. ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളം ഇന്നലെ ഉച്ച മുതൽ ഇരുപത്തിയൊന്ന് മണിക്കൂർ നേരത്തേക്ക് അടച്ചിട്ടിരിക്കുയാണ്. 394 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. ഏത് സാഹചര്യവും നേരിടാൻ ത്രിപുരയിലും, ബംഗാളിലും, ഒഡീഷയിലും ദേശീയ ദുരന്തനിവാരണ സേനയടക്കം സജ്ജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക