പ്രായമേറുന്തോറും നമ്മുടെ ചര്‍മ്മത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇത് പൂര്‍ണമായും തടയാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധി വരെ നമ്മുക്ക് ചര്‍മ്മ പരിചരണത്താൽ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ.
കൂടാതെ നിങ്ങളുടെ തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും. പ്രായം കൂടുമ്പോള്‍ കൊളാജൻ ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നത്. എന്നാല്‍ ഭക്ഷണശൈലിയിലുള്ള മാറ്റത്തിലൂടെ ഒരു പരിധി വരെ ഇതിനെ ചെറുക്കാന്‍ സാധിക്കും.
പഞ്ചസാരയുടേയും ജങ്ക് ഫുഡിന്റേയും അമിത ഉപയോഗവും ചര്‍മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തും. മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. അത്തരം ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ഗുണം ചെയ്യും അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മം ചെറുപ്പമായിരിക്കാന്‍ ഉപകരിക്കും. കൂടാതെ മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഒരു മുട്ട വീതം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍,മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇത് ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മം തിളങ്ങാന്‍ സഹായിക്കും. ബെറി പഴങ്ങളായ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയും കഴിക്കാന്‍ ശ്രദ്ധിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും കൊളാജന്‍ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കും.
ചീരയും കഴിക്കാന്‍ മടിക്കരുത്. ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതുപോലെ ബ്രൊക്കോളി കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്. നട്സും വിത്തുകളും കഴിക്കാനും ശ്രദ്ധിക്കാം. ഇവയിലെ ഫാറ്റി ആസിഡും വിറ്റാമിനുകളും മറ്റും ചര്‍മം യുവത്വത്തോടെയിരിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക