തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചത്.
ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ രാവിലെ എട്ട് മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും.
ജില്ലാ കലക്ടർമാരുമായി അവലോകന യോഗം ചേർന്നു ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാം സുതാര്യമായി തന്നെ നടക്കും. വടകരയിൽ പ്രശ്നമുണ്ടെന്നു കരുതുന്നില്ല. ഇവിഎം വോട്ടുകൾ സുതാര്യമാണെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.
പോസ്റ്റൽ വോട്ടുകൾ എണ്ണാൻ ഉദ്യോഗസ്ഥർക്ക് മൂന്ന് തവണ പരീശിലനം നൽകിയിട്ടുണ്ട്. സാധാരണ നിലയിൽ പോസ്റ്റൽ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയൽ ടൈം ഡാറ്റ മീഡിയ റൂമുകൾ വഴി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷന് കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴി തത്സമയം ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡിലും ലോക്സഭാ മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക