ന്യൂഡൽഹി: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയ്ക്ക് അഭിനന്ദനവുമായി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്.
‘ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും താരം കുറിച്ചു’.
പിന്നാലെ താരത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധിയും എത്തി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം കേൾക്കുമ്പോഴാണ് നമ്മുടെ ജനാധിപത്യം ശക്തിപ്പെടുന്നത്. ഇത് നമ്മുടെ കൂട്ടായ ലക്ഷ്യവും കടമയുമാണെന്നും അദ്ദേഹം കുറിച്ചു. വിജയ്യെ കൂടാതെ കമൽഹാസനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
18-ാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായി ഇന്ത്യ മുന്നണി യോഗം രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്നും പ്രതിപക്ഷ നേതൃപദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് രാഹുല്‍ഗാന്ധി. 1999-2004 കാലത്ത് സോണിയാ ഗാന്ധി, 1989-1900 കാലത്ത് രാജീവ് ഗാന്ധി എന്നിവരായിരുന്നു രാഹുലിന് മുമ്പ് പ്രതിപക്ഷ സ്ഥാനത്തിരുന്ന ഗാന്ധി കുടുംബാംഗങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയിൽ 3,90,030 വോട്ടുകൾക്കും വയനാട്ടിൽ 3,64,422 വോട്ടുകൾക്കുമാണ് രാഹുൽ വിജയിച്ചത്. വടക്കേ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക