പറക്കും ബലൂണുകൾക്കും ലേസർ ബീം ലൈറ്റുകൾക്കും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള ഫ്രീ ഫ്ലൈറ്റ് സോണിൽ നിരോധനം ഏർപ്പെടുത്തി ഉത്തരവ്. മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിമാനത്താവളത്തിന് ചുറ്റുമുള്ള ഫ്രീ ഫ്ലൈറ്റ് സോണിൽ പട്ടം പറത്തലിന് നിരോധനം ഏർപ്പെടുത്തിയ കളക്ടർ പാര ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ,പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിനും ഇവിടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള വസ്തുക്കളുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കുകയും അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നത് മുന്നിൽ കണ്ടുകൊണ്ടാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. വിമാനങ്ങളുടെ ലാൻഡിങ്, ടേക്ക് ഓഫ്, ഫ്ലയിങ് പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെടുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ് എന്നും സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവിൽ പറയുന്നു.
വിമാനത്താവള ഡയറക്ടറും ജില്ലാ പോലീസ് മേധാവിയും കളക്ടറെ സമീപിച്ച് ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റൺവേയിലും അപകടങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിങ് എന്നിവയ്ക്ക് ഇവ ഭീഷണിയാകുമെന്നും വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ ഇവ ദോഷകരമായി ബാധിക്കും എന്നും അറിയിച്ചതിനെ തുടർന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക