കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ചിലവു കുറഞ്ഞ വിമാന യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കേരളത്തേയും ഉള്‍പ്പെടുത്തിയതോടെ കണ്ണൂരില്‍നിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാനത്താവളം തുറക്കുന്ന ദിവസംതന്നെ ഈ സര്‍വീസുകളും തുടങ്ങും.
ചെലവുകുറഞ്ഞ വിമാന സര്‍വീസുകള്‍ക്കായുള്ള ഉഡാന്‍ പദ്ധതിയില്‍ കേരളത്തില്‍നിന്ന് കണ്ണൂരിനെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍നിന്ന് ഡല്‍ഹിക്കടുത്തുള്ള ഹിന്റെന്‍, ബെംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ബള്ളി, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ്. ഉഡാന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് കണ്ണൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരില്‍നിന്ന് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്. മുംബൈ, ഹിന്റെന്‍, ഹുബ്ബള്ളി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോയും ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സ്പൈസ് ജെറ്റ് ആഴ്ചയില്‍ 14 സര്‍വീസും ഇന്‍ഡിഗോ ആഴ്ചയില്‍ ഏഴു സര്‍വീസും നടത്തും. ബാക്കി ആറു നഗരങ്ങളിലേക്ക് ഇന്‍ഡിഗോ ആഴ്ചയില്‍ ഏഴുവീതം സര്‍വീസാണ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക