നിങ്ങൾ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ തീരുമാനിക്കുകയാണെങ്കിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യം കാറിന്റെ രേഖകളാണ്. മോഷണ മുതലുകളും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച കാറുകളുമെല്ലാം യൂഡ്സ് കാറായി വില്പനയ്ക്കെത്തിയിരിക്കാം. വാങ്ങി കുറേക്കാലം കഴിയുമ്പോഴായിരിക്കും കാര്‍ മോഷണമുതലാണെന്നു പറഞ്ഞ് പോലീസ് വന്ന് തൊണ്ടിമുതലാക്കി കൊണ്ടുപോകുന്നത്. അതുകൊണ്ട് എല്ലാ രേഖകളും കൃത്യവും യഥാര്‍ഥവുമാണെന്ന് ഉറപ്പാക്കണം.
വാഹനത്തിന്റെ ഏറ്റവും സുപ്രധാനമായ രേഖയാണ് ആര്‍സി ബുക്ക്. രജിസ്ട്രേഷന് നടന്ന തീയതി, കാലാവധി, ഉടമയുടെ പേരും മേല്‍വിലാസവും, ബോഡി-ചേസിസ് നമ്പര്‍, മോഡല്‍ വിവരങ്ങള്‍, കാറിന്റെ നിറം എന്നിവയെല്ലാം ഇതില്‍ രേഖപ്പെടുത്തിയിരിക്കും. ആര്‍സി ബുക്കിലെ ബോഡി-ചേസിസ് നമ്പറുകള്‍, വാഹനത്തിന്റെതുമായി ഒത്തുനോക്കി വ്യത്യാസമില്ലെന്ന് ഉറപ്പുവരുത്തുക. അതുപോലെ ആര്‍സി ബുക്കില്‍നിന്നും യഥാര്‍ഥ വേരിയന്റും മനസ്സിലാക്കണം.
കൂടാതെ വാഹനം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയ ഉടമയുടെ പേരും വിലാസവും കൂടി ആര്‍സി ബുക്കില്‍ ഉണ്ടാകും. വാഹനത്തിനുവേണ്ടി ഏതെങ്കിലും ബാങ്ക്-ധനകാര്യസ്ഥാപനത്തിന്റെ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതും, വായ്പ അവസാനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതും ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
അതുപോലെ എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന് നിയമമുണ്ട്. തേര്‍ഡ് പാര്‍ട്ടി, കോംപ്രിഹെന്‍സീവ് എന്നിങ്ങനെ രണ്ടു തരമുണ്ട് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് – നിങ്ങളുടെ വാഹനംമൂലം മറ്റാളുകള്‍ക്ക് അപകടമോ, വസ്തുവകകള്‍ക്ക് നാശമോ ഉണ്ടായാല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കും. തീപിടുത്തം, അപകടം, മോഷണം എന്നിവമൂലം കാറിനുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് മോട്ടോര്‍ പോളിസി-എ അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കില്ല. വാഹനത്തിന്റെ എന്ജിന് ഡിസ്പ്ലേസ്മെന്റിനും വാഹനത്തിന്റെ പഴക്കത്തിമനുസരിച്ച് ഇതിന്റെ പ്രീമിയം തുക നിശ്ചയിക്കും.
കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് – തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനെക്കാള്‍ പലമടങ്ങ് കൂടുതലാണ് ഇതിന്റെ പ്രീമിയം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ഇതിന്റെ ഭാഗമാണ്. അഥവാ, കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് എടുത്താല്‍ അതില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും അടങ്ങിയിട്ടുണ്ടെന്നര്‍ഥം. മോഷണം, അപകടം, തീപിടുത്തം, പ്രകൃതിക്ഷോഭം, കലാപം തുടങ്ങിയവമൂലം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു. കാറിന്റെ വിപണി വില, മോഡല്‍, വര്‍ഷം, ഇപ്പോള്‍ പ്രൊഡക്ഷനുള്ള കാറാണോ തുടങ്ങിയ പല കാര്യങ്ങള്‍ നോക്കിയാണ് കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്.
കൂടാതെ ഒരു വര്‍ഷത്തേക്കാണ് സാധാരണയായി ഇന്‍ഷുറന്‍സ് അടയ്ക്കുന്നത്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി തീരാറായിട്ടുണ്ടെങ്കില് അതു പുതുക്കാനുള്ള ബാധ്യത ഉടനടി നിങ്ങളില്‍ വന്നുചേരും എന്നോര്‍ക്കുക.
ഒറ്റത്തവണ റോഡ് ടാക്സാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പതിനഞ്ചു വര്‍ഷത്തേക്കുള്ളതാണ്. ടാക്സ് ടോക്കണ്‍ കൃത്യമായി പരിശോധിച്ച് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഇപ്പോഴത്തെ കാറുകളെല്ലാം തന്നെ അതത് കമ്പനികളുടെ സര്‍വീസ് സെന്ററുകളിലാണ് സര്‍വീസ് ചെയ്യിക്കാറ്. ഓരോ 5000 കിലോമീറ്റര്‍ ഓടിക്കുമ്പോഴും സര്‍വീസ് ചെയ്യിക്കുകയാണ് പതിവ്. കാറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഓണേഴ്സ് മാനുവല്‍ അഥവാ സര്‍വീസ് ബുക്കില്‍ 50000 കിലോമീറ്റര്‍ വരെയെങ്കിലുമുള്ള സര്‍വീസുകള്‍ രേഖപ്പെടുത്താറുണ്ട്. ഇത് പരിശോധിച്ചാല്‍ സര്‍വീസ് കാലാവധികള്‍ വ്യക്തമായി മനസ്സിലാക്കാം.
Also Read : നിങ്ങളുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക