തിരുവനന്തപുരം: ക്യാന്‍സര്‍ രോഗ ബാധിതനായ തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ക്യാന്‍സറിനെ മഹാരോഗമെന്ന് വിളിക്കാന്‍ ഇഷ്ടമില്ലെന്ന് പറയുന്ന നന്ദു തനിക്കൊരു ജലദോഷം വന്ന ലാഘവമേ ഇതില്‍ കാണുന്നുള്ളൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു. വരുന്ന ചൊവ്വാഴ്ച ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പി തുടങ്ങും. അസുഖ വിവരമറിഞ്ഞ് ഒരുപാട് പേര് വിളിക്കുന്നുണ്ട്. ആരോടും മറുപടി പറയാന്‍ ആവുന്നില്ല. തുര്‍ന്നാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിടാന്‍ തീരുമാനിച്ചതെന്നും നന്ദു തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.
ക്യാന്‍സര്‍ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു എന്ന് തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം തന്നെ 15,000ല്‍ അധികം പേര് ഷെയര്‍ ചെയ്തിട്ടുണ്ട്. രോഗം ഭേദമായി എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ച് വരാനായി പ്രാര്‍ത്ഥിച്ച് പതിനായിരത്തോളം സുഹൃത്തുക്കളും നന്ദുവിന്റെ പോസ്റ്റിനു താഴെ കമന്റ് ബോക്സില്‍ കമന്റ് ചെയ്തിട്ടുണ്ട്.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…
പക്ഷേ എന്നെ അവളുടെ വരുതിയിൽ അക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട…
അതിനെ മഹാരോഗം എന്നൊന്നും വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല…
ചെറിയൊരു ജലദോഷം വന്ന ലഘവം മാത്രമേ ഞാൻ ഇതിന് നല്‍കുന്നുള്ളൂ…
രോഗം ആർക്കും എപ്പോഴും വരാം..അത് ശരീരത്തിന്റെ ഒരവസ്ഥ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു…
പക്ഷേ കാർന്നു തിന്നുന്ന വേദന ഇടക്ക് കണ്ണുനീർ സമ്മാനിക്കുന്നുണ്ട്…
അത് സാരമില്ല…
ഈ ചൊവ്വാഴ്ച എന്റെ കീമോ തുടങ്ങുകയാണ്…
ഒരുപാട് പേർ അസുഖവിവരം അറിഞ്ഞു വിളിക്കുന്നുണ്ട്..ഓരോരുത്തരോടും പറയാൻ മടിച്ചാണ് ഈ പോസ്റ്റ് ഇടാമെന്ന് കരുതിയത് !!
എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാർത്ഥനകൾ മാത്രമാണ്…
ഇതിനൊന്നും എന്നെ സ്വാധീനിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചുതന്നെ വിശ്വസിക്കുന്നു…
എനിക്ക് പൂർണ്ണമായും ഊർജ്ജം നൽകുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദിയുണ്ട്…
നിങ്ങളുടെ പ്രാർത്ഥനകൾ മാത്രം മതി എനിക്ക്…
പൂർവ്വാധികം ശക്തിയോടെ തന്നെ ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും…
എന്നെ സ്നേഹിക്കുന്ന നിങ്ങളുടെ പ്രാർത്ഥനകൾ ഒരു സുരക്ഷാ വലയം എന്നിൽ തീർക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു…
NB : ഒന്നും ഒന്നിന്റെയും അവസാനമല്ല…
ഇങ്ങനെയൊരു അസുഖം ഭാവിയിൽ ആർക്ക് വേണമെങ്കിലും വരാം…
അന്ന് തളരരുത്…ഒരു പ്രചോദനം കൂടി ആകട്ടെ ഈ പോസ്റ്റ്…
നിങ്ങളുടെ നന്ദൂസ്…
https://www.facebook.com/nandussmahadeva/posts/1686879414727862
പ്രതികരിക്കാൻ ഇവിടെ എഴുതുക