ഒന്നാം ക്ലാസ്സിൽ ചേരുന്നത് മുതൽ പ്ലസ് ടു ആകുന്നതു വരെ ഒന്നും ചിന്തിക്കേണ്ട. നന്നായി പഠിച്ചാൽ ജയിച്ചങ്ങനെ പോകാം. എന്നാൽ പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത് എന്ന ചോദ്യമാകും പലരുടെയും മുന്നിൽ. പ്ലസ് ടു കഴിഞ്ഞാൽ മെഡിസിൻ അല്ലെങ്കിൽ എഞ്ചിനീയറിംഗ് – ഇതായിരുന്നു പണ്ടത്തെ കീഴ്വഴക്കം. എന്നാലിന്ന് അങ്ങനെയല്ല. ജോലി സാധ്യത ഉള്ള നിരവധി കോഴ്സുകളാണ് മുന്നിലുള്ളത്. എത്ര തന്നെ ജോലി സാധ്യതകൾ ഉള്ളവയാണെങ്കിലും പ്രഥമപരിഗണന പഠിക്കുന്ന ആളിന്റെ അഭിരുചിക്കാണ്. പ്ലസ് ടു കഴിഞ്ഞാൽ ചേരാവുന്ന തൊഴിൽ സാധ്യതയുള്ള ചില കോഴ്സുകൾ പരിചയപ്പെടാം.
നിയമ പഠനം
പ്ലസ് ടു 40% മാർക്കോടെ പാസായവർക്ക് അഞ്ചു വർഷത്തെ എൽ.എൽ.ബി കോഴ്സിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെ ആണ് തെരെഞ്ഞെടുപ്പ്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, പൊതു വിജ്ഞാനം, നിയമാഭിരുചി എന്നിവയാണ് ഉണ്ടാവുക. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ കോളേജുകളിലും സ്വകാര്യ കോളേജുകളിലും ചേർന്ന് പഠിക്കാം. എം.ജി സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ തോട്ട്, കണ്ണൂർ സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എറണാകുളത്തെ നുവാൽസ് എന്നിവയിലും കോഴ്സ് നടത്തുന്നുണ്ട്.
വക്കീൽ,ന്യായാധിപൻ എന്നിവയ്ക്ക് പുറമെ വിവിധ സ്ഥാപനങ്ങളിലെ ലോ ഓഫീസർ, ലീഗൽ അഡ്വൈസർ, കോടതി ക്ലാർക്ക് എന്നീ ജോലികൾക്ക് നിയമ ബിരുദം സഹായിക്കും.
സാഹസികർക്ക് മർച്ചന്റ് നേവി
യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന സാഹസിക മനസ്ഥിതിയുള്ളവർക്ക് ചേരാൻ പറ്റിയ കോഴ്സാണ് മർച്ചന്റ് നേവി. വാണിജ്യ ഷിപ്പുകളിലെ ജോലിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് സ്ട്രീമിൽ പ്ലസ് ടു പാസായവർക്ക് പ്രവേശന പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്. ആറു മാസം കടലിലും ആറു മാസം കരയിലും എന്നതാണ് ജോലിയുടെ സ്വഭാവം. ധാരാളം യാത്ര ചെയ്യാം, നിരവധി രാജ്യങ്ങൾ കാണാം,കൂടുതൽ ഒഴിവുസമയം എന്നിവയൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ.
കായിക വിദ്യാഭാസം
കായിക രംഗത്തു താല്പര്യമുള്ളവർക്ക് ഏറെ സാധ്യതയുള്ള ഒന്നാണ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സുകൾ. മികച്ച കായിക പരിശീലകരെ സൃഷ്ടിക്കുക എന്നതാണ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സിന്റെ ലക്ഷ്യം. വിദ്യാഭാസ സ്ഥാപനങ്ങളിൽ കായികാദ്ധ്യാപകരാകാനും ഈ കോഴ്സ് സഹായിക്കും.
വിനോദസഞ്ചാര മേഖലയിൽ ദിനംപ്രതി തൊഴിലവസരങ്ങൾ കൂടി വരികയാണ്. കേരളം ടൂറിസം വകുപ്പിന് കീഴിലുള്ള കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പ്ലസ് ടുക്കാർക്ക് ചേരാവുന്ന നിരവധി കോഴ്സുകളുണ്ട്. വിവിധ കോളേജുകളിൽ ടൂറിസത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകളും നടത്തി വരുന്നു.
ഫാഷൻ ഡിസൈനിങ്
ഒരിക്കലും പ്രിയം നഷ്ടപ്പെടാത്ത മേഖലയാണ് ഫാഷൻ. മനുഷ്യകുലം ഉള്ളടത്തോളം കാലം ഫാഷൻ. ഉണ്ടാകും. അതോടൊപ്പം ദിനംപ്രതി ഫാഷൻ മാറി മാറി വരികയാണ്. അൽപ്പം കാലാഭിരുചിയും ഭാവനയുമുള്ളവർക്ക് ഈ രംഗത്തു തിളങ്ങാം. വസ്ത്ര വ്യവസായം, സിനിമാരംഗം തുടങ്ങി ഫാഷൻ ഡിസൈനർമാർക്ക് അവസരങ്ങൾക്ക് പഞ്ഞമില്ല. കേന്ദ്ര സർക്കാരിന്റെ ടെക്സ്റ്റൈൽ മന്ത്രലയത്തിനു കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള ദി അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെന്റർ ഈ മേഖലയിൽ നിരവധി കോഴ്സുകൾ നടത്തുന്നു.
കണക്കിലെ മിടുക്കർക്ക്
കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ രണ്ട് പ്രധാന കോഴ്സുകളാണ് ബി സ്റ്റാറ്റും ബി മാത്സും. പ്ലസ് ടുവിനു മാത്തമാറ്റിക്സ് പഠിച്ചവർക്ക് ഇതിനു ചേരാം. ഇവിടെ തന്നെ പി.ജി പഠനത്തിനും സൗകര്യമുണ്ട്. പഠിതാക്കൾക്ക് സ്റ്റൈപെൻഡും ലഭിക്കും.
പത്രപ്രവർത്തനം
പത്രപ്രവർത്തനത്തിൽ അഭിരുചിയുള്ളവർക്ക് ഡിഗ്രി കഴിഞ്ഞാണ് ഇത്തരം കോഴ്സുകളിൽ ചേരാൻ കഴിയുക.ഇതുകൂടാതെ പത്രപ്രവർത്തനത്തിൽ ബിരുദ പഠനം നടത്താവുന്ന കോഴ്സുകളും ഇന്ന് ചില കോളേജുകളിൽ നടത്തി വരുന്നുണ്ട്.
Also Read: കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക