നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ് പ്രേക്ഷക മനസ്സിൽ ഇടം നേടിയ 96 കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങളാണ് ജാനുവും റാമും. എന്നാൽ സിനിമ കണ്ടിറങ്ങിയ സുന്ദരികളുടെ മനസ്സിൽ മറ്റൊന്ന് കൂടി ഇടം പിടിച്ചിട്ടുണ്ട്. അതെ അത് തന്നെ. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം തൃഷ അണിഞ്ഞ ആ മഞ്ഞ കുർത്ത. ദീപാവലി ഫാഷൻ വിപണിയിൽ തൃഷ അണിഞ്ഞ മസ്റ്റാർഡ് കളർ സോളിഡ് കുർത്തയ്ക്ക് ഡിമാൻഡ് ഏറെയാണെന്നാണ് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നത്.
കഷ്ടിച്ച് മൂന്ന് കോസ്റ്റ്യൂം ചെയ്ഞ്ചുകളാണ് തൃഷയ്ക്ക് ചിത്രത്തിലുള്ളത്. അതിൽ സിനിമയിലെ ഒട്ടു മിക്ക സീനുകളിലും തൃഷ അണിഞ്ഞതും ഈ മഞ്ഞ കുർത്ത തന്നെയാണ്. കുർത്തയ്ക്കൊപ്പം അങ്കിൾ ലെങ്ത് ജീൻസും ബ്ലൂ ബെയ്ജ് കളർ കോമ്പിനേഷനിലുള്ള സിൽക്ക് സ്റ്റാളും അണിഞ്ഞ് അതീവ സുന്ദരിയായാണ് തൃഷ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.
അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ഫാഷൻ ഡിസൈനിങ് പൂർത്തിയാക്കിയ ശുഭശ്രീ കാർത്തിക്കാണ് തൃഷയ്ക്കായി ഈ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. ശുഭശ്രീയുടെ ആദ്യ ചിത്രമാണ് 96. ആ കോസ്റ്റ്യൂം ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് തൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ശുഭശ്രീയുടെ പ്രതികരണം.
മഞ്ഞ കുർത്ത വന്ന വഴി
തൃഷയ്ക്കായി മഞ്ഞ കുർത്ത തിരഞ്ഞെടുത്തതിൽ കഥ പറയുകയാണ് ശുഭശ്രീ;
മഞ്ഞ ഒരു ഹാപ്പി കളർ ആയതുകൊണ്ടാണ് ഞാനത് തെരെഞ്ഞെടുത്തത്. ആ കുർത്ത തൃഷയുടെ മുഖത്തിന് കൂടുതൽ തെളിച്ചം നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും രാത്രി സീനുകളിൽ തിളക്കത്തോടെ നിൽക്കുകയാണ് ആ കോസ്റ്റ്യൂം. നായികയ്ക്ക് സിമ്പിൾ ആയ ഡ്രസ്സ് മതി എന്നായിരുന്നു സംവിധായകൻ പ്രേമിന്റെ നിർദ്ദേശം. പക്ഷെ അവർ ഒരു എൻ ആർ ഐ ആയതുകൊണ്ട് തന്നെ ബ്രാൻഡഡ് ആയ വസ്ത്രമായിരിക്കണമെന്നതും ശ്രദ്ധിച്ചിരുന്നു. ഈ കുർത്ത അല്ല ജാനു എന്തണിഞ്ഞാലും അത് പ്രേക്ഷകർ സ്വീകരിക്കുമായിരുന്നു. കാരണം ജാനുവിനെ അവർ അത്രമാത്രം സ്നേഹിക്കുന്നു; ശുഭശ്രീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക