മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രബലമായ അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് കന്യകാത്വം. ഇന്നും അനേകം പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഈ തെറ്റിദ്ധാരണയുടെ സത്യാവസ്ഥയെന്താണ്?
പെണ്‍കുട്ടികളില്‍ യോനിനാളത്തിന്റെ ബാഹ്യദ്വാരവും ആയി ബന്ധപ്പെട്ട് കാണാവുന്ന ചര്‍മ്മഭാഗമാണ് കന്യാചര്‍മ്മം അഥവാ ഹൈമെന്‍. ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്ന ലൈംഗിക ബന്ധത്തില്‍ സ്ത്രീയുടെ കന്യാചര്‍മ്മം പൊട്ടിമാറുകയും, രക്തം വരുകയും ചെയ്യും എന്നാണ് പൊതുവേയുള്ള ധാരണ.
ഇതിനെ അടിസ്ഥാനമാക്കി പെണ്‍കുട്ടികളുടെ കന്യാകാത്വം പരിശോധിക്കാന്‍ പര്യാപ്തമായ തെളിവായി കന്യാചര്‍മ്മം കണക്കാക്കുകയും ചെയ്തു പോരുന്നു.
നവവധുവരന്മാരുടെ ആദ്യരാത്രിയുടെ പിറ്റേ ദിവസം ബെഡ്ഷീറ്റില്‍ രക്തക്കറ ഉണ്ടോ എന്ന് പരിശോധിക്കുകയും അങ്ങനെ ഒന്ന് കണ്ടില്ല എങ്കില്‍ വധുവിനു ഇതിനു മുമ്പ് ലൈംഗിക ബന്ധം ഉണ്ടായിരുന്നുവന്നു കല്പിക്കുകയും ചെയ്യുന്ന പതിവ് പല സംസ്കാരങ്ങളിലും ഉണ്ട്. ഉദാഹരണത്തിന് ബൈബിള്‍ പ്രഴയ നിയമപകാരം (Deuteronomy 22) പുതിയ ഭാര്യയും ആയിയുള്ള ബന്ധത്തില്‍ രക്തക്കറ കണ്ടില്ല എങ്കില്‍ അവളെ പിതാവിന്റെ ഭവനത്തില്‍ കൊണ്ടുവന്നു ‘വേശ്യാദോഷം’ ചെയ്തു എന്ന കാരണം ചാര്‍ത്തി കല്ലെറിഞ്ഞു കൊല്ലുകയാണ്. ഇതിനു സാമാന്യമായ ക്രൂര ആചാരങ്ങള്‍ മറ്റുള്ള പ്രാചീന സംസ്കാരങ്ങളിലും ദര്‍ശിക്കാവുന്നതാണ്. ഇന്നും അനവധി യാഥാസ്ഥിതിക കുടുംബങ്ങളില്‍ ആദ്യരാത്രിയുടെ പിറ്റേദിവസം രക്തക്കറ കണ്ടില്ല എങ്കില്‍ അവള് പലവിധത്തില്‍ ഉള്ള ഗാര്‍ഹികപീഡനങ്ങള്‍ക്കും, അധിക്ഷേപങ്ങള്‍ക്കും ചില അവസരങ്ങളില്‍ അഭിമാന കൊലപാതകങ്ങള്‍ക്കും ഇര ആവാറുണ്ട്. ആദ്യരാത്രിയില്‍ വെളുത്ത ബെഡ്ഷീറ്റ് ഉപയോഗിക്കുന്നതിന്റെ ഒരു കാരണം രക്തക്കറ ഉണ്ടോയെന്നു വേഗം കണ്ടു പിടിക്കാന്‍ ആണത്രേ.
തെറ്റുധാരണകള്‍
കന്യാചര്‍മ്മവും ആയി ബന്ധപ്പെട്ട തെറ്റുധാരണങ്ങള്‍ പ്രധാനമായി മൂന്നെണ്ണമാണ്.
1) യോനിയെ കവചം ചെയ്യുന്ന സീല്‍ പോലെയൊരു പാളിയാണ് കന്യാചര്‍മ്മം.
2) യോനിയില്‍ ലിംഗം പ്രവേശിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം ഒരിക്കല്‍ നടന്നാല്‍ കാന്യാചര്‍മ്മം പൊട്ടി നശിച്ചുപോകും.
3) യോനിയില്‍ ലിംഗം പ്രവേശിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം ആദ്യം നടക്കുമ്പോള്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരും
യോനിയെ കവചം ചെയ്യുന്ന സീല്‍ പോലെയൊരു പാളിയാണ് കന്യാചര്മ്മമെങ്കില് ഒരിക്കലും ആര്‍ത്തവരക്തം ശരീരത്തിന്റെ വെളിയില്‍ പോകുകയില്ല. കന്യാചര്‍മ്മം യഥാര്‍ത്ഥത്തില്‍ ഇങ്ങനെയല്ല കാണുന്നത്. കന്യാചര്‍മ്മം വിവിധ രൂപത്തിലും ഭാവത്തിലും കാണാം. പെണ്‍കുട്ടികള്‍ ജനിക്കുന്ന അവസ്ഥയയില്‍ യോനിനാളത്തിന്റെ ബാഹ്യദ്വാരവും ആയി ബന്ധപ്പെട്ട് ചന്ദ്രക്കല ആകൃതിയില്‍ തടിച്ച ചര്‍മ്മം ആയിട്ടാണ് ചിലരില്‍ ഇത് കാണുന്നത്, ചിലരില്‍ ജന്മനാ കന്യാചര്‍മ്മം കാണുകയില്ല. കൗമാരത്തോട് അടുക്കും തോറും ഇസ്ട്രജന്‍ പോലെയുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാല്‍ ഈ ഭാഗം കൂടുതല്‍ നേര്‍ത്തതും, ഇലാസ്റ്റിക് സ്വഭാവം ഉള്ളതുമായി മാറുന്നു.
പെണ്‍കുട്ടികളില്‍ കന്യാചര്‍മ്മം വ്യത്യസ്തമായ അസംഖ്യം രൂപത്തിലും ഭാവത്തിലും രീതിയിലും കാണാവുന്നതാണ്. കന്യാചര്‍മ്മത്തിന്റെ നടുവില്‍ ഒരു വലിയ ദ്വാരമായി കാണുന്ന annular hymen, നടുവില്‍ ഒരു നേര്‍ത്ത വര പോലെ യോനി നാളത്തെ രണ്ടായി എന്നവിധം കാണിക്കുന്ന septate hymen, കന്യാചര്‍മ്മത്തില്‍ ധാരാളം ചെറു ദ്വാരങ്ങളുള്ള cribriform hymen തുടങ്ങിയവ പൊതുവേ കാണുന്ന ചില അവസ്ഥകളാണ്. കന്യാചര്‍മ്മത്തില്‍ ദ്വാരങ്ങള്‍ ഒന്നും ഇല്ലാതെ വരുന്ന ഒരു അവസ്ഥയുണ്ട് imperforate hymen എന്നാണ് അതിനെ വിളിക്കുന്നത്. അങ്ങനെ ഉള്ള അവസ്ഥകളില്‍ ആര്‍ത്തവ രക്തം സ്വാഭാവികമായി പുറത്തോട്ടു പോകാതെ ഇരിക്കയും ഉള്ളില്‍ കെട്ടി കിടക്കാനും സാധ്യതയുണ്ട്, ഇത് ശസ്ത്രക്രിയ വഴി ശരിയാക്കാവുന്നതാണ്.
ലൈംഗിക ബന്ധത്തില്‍ കന്യാചര്‍മ്മം പൊട്ടി നശിക്കുകയല്ല. അഥവാ കന്യാ ചര്‍മ്മം ഉണ്ടെങ്കില്‍ പോലും അത് പല കാരണങ്ങളാലും കീറിപ്പോവാന് സാധ്യതയുണ്ട്. നേരിയ ചര്‍മ്മമാണ് എന്നതു തന്നെ പ്രധാന കാരണം. ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെങ്കില്‍ പോലും സ്വയം ഭോഗം കൊണ്ട് കന്യാചര്മ്മത്തിനു ക്ഷതം സംഭവിക്കാവുന്നതേയുള്ളൂ.
മറ്റൊന്ന് യോഗാഭ്യാസം, വ്യായാമം, കായിക വിനോദങ്ങള്‍, നൃത്തപഠനം എന്നിവയും കന്യാചര്‍മ്മത്തെ കീറിക്കളയാന്‍ പര്യാപ്തമാണ്. അതുകൊണ്ട് വൈദ്യശാസ്ത്രം ഇപ്പോള്‍ പറയുന്നു സ്ത്രീ കന്യകയാണോ എന്ന് തിരിച്ചറിയാന്‍ വൈദ്യശാസ്ത്രപരമായോ അല്ലാതെയോ കൃത്യമായ ഒരു മാര്‍ഗ്ഗവും ഇല്ല എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക