നാളെ ഫെബ്രുവരി 7 ന് മലയാളത്തിൽ റിലീസിനെത്തുന്ന ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ് പൃഥ്വിരാജ് നായകനാകുന്ന 9 ഉം ഫഹദ് ഫാസിൽ വേഷമിടുന്ന കുമ്പളങ്ങി നൈറ്സും. മലയാളത്തിലെ രണ്ട് പ്രബലരായ യുവതാരങ്ങളുടെ ചിത്രം എന്നതിലുപരി ഈ ചിത്രങ്ങൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി വിതരണം ചെയ്യുന്ന ചിത്രമാണ് 9. നിർമ്മാതാവിന്റെ സ്ഥാനത്ത് പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനും. കുമ്പളങ്ങി നൈറ്സിന്റെ നിർമ്മാതാവ് മലയാളികളുടെ പ്രിയനടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയ നസിം ആണ് നിർവ്വഹിക്കുന്നത്.
സോണി പിക്ചേഴ്സ് എന്റര്ടെയിന്മെന്റുമായി ചേർന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് 9 തീയേറ്ററുകളിലെത്തിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ മമത മോഹൻദാസ്, വാമിഖ ഖബ്ബി, പ്രകാശ് രാജ്, അലോക് തുടങ്ങിയവരാണ് 9 ലെ മറ്റു താരങ്ങൾ. 100 ഡേയ്സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 9.
മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് കുമ്പളങ്ങി നൈറ്റ്സിലുള്ളത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി ചേര്‍ന്ന് നസ്രിയ നസീമാണ് കുമ്പളങ്ങി നൈറ്റ്സ് നിര്‍മ്മിക്കുന്നത്. നേരത്തെ ഫഹദിന്റെ വരത്തൻ നിർമ്മിച്ച് നസ്രിയ കൈയടി വാങ്ങിയിരുന്നു. നസ്രിയയുടെ നിർമാണത്തിലെത്തിയ ആദ്യ സിനിമയായിരുന്നു വരത്തൻ. ബോക്സോഫീസിൽ ഉയർന്ന സാമ്പത്തിക വിജയം കരസ്ഥമാക്കാൻ വരത്തന് കഴിഞ്ഞിരുന്നു.
ഫഹദിനെ കൂടാതെ സൗബിൻ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്റെ ആദ്യ സംവിധാന സംഭരംഭമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക