രണ്ടു കോടിയോളം വരുന്ന ഇക്സിഗോ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനി ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇമെയിലുകളും പാസ്വേഡുകളുമാണ് പ്രധാനമായും മോഷണം പോയത്. ആഗോളവ്യാപകമായി നടന്ന ഡാറ്റ മോഷണത്തിന്റെ ഭാഗമായാണിത്. മറ്റ് ഏഴ് ആഗോള കമ്പനികളുടെയും വിവരങ്ങള്‍ ഇതേരീതിയില്‍ ചോര്‍ന്നതായി ബ്രിട്ടീഷ് വാര്‍ത്താ പ്രസിദ്ധീകരണമായ ദി രജിസ്റ്റര്‍ റിപ്പോർട്ട് ചെയ്തു.
വിവരങ്ങൾ ചോർന്നതായി ഇക്സിഗോ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, പേമെന്റ് ഡാറ്റ പോലുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി തങ്ങളുടെ എല്ലാ ഉപയോക്താക്കളോടും അവരുടെ പാസ്വേഡുകള് റീസെറ്റ് ചെയ്യാന്‍ അറിയിപ്പ് നല്‍കുമെന്ന് ഇക്സിഗോ സ്ഥാപകനും സിഇഒയുമായ അലോക് ബാജ്പേയ് പറഞ്ഞു.
അടുത്തിടെയായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോ, ഫ്രഷ്മെനു തുടങ്ങിയവയുടെ വിവരങ്ങളും ഇതേപോലെ ചോര്‍ന്നിരുന്നു. എസ്ബിഐ ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ മോഷണം പോയതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ എസ്ബിഐ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക