കണ്ണൂരിലെ പൈതൽമല സന്ദർശിക്കുന്നവർക്ക് തിരിച്ചുവരും വഴി ഏഴരക്കുണ്ട് വെള്ളചാട്ടത്തിലേക്കുള്ള വഴിയുടെ ബോർഡ് കാണാം. കൂടിയാൻ മലയിൽ നിന്നും രണ്ടുകിലോമീറ്റർ ദൂരമുണ്ടാകും ഏഴരക്കുണ്ടിലേക്ക്. വെള്ളച്ചാട്ടം കാണാൻ ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പ്രവേശനകവാടത്തിൽ നിന്നും ഒന്നര കിലോമീറ്റർ പുഴയുടെ അരുകിലൂടെ മുകളിലേക്ക് കയറിയാൽ നല്ലകാഴ്ചയാണ്. അവിടെ കുളിക്കുവാനുള്ള സൗകര്യവുമുണ്ട്.
പ്രവേശനകവാടം നടന്ന് ആദ്യമെത്തുന്നത് സ്ത്രീകൾക്ക് കുളിക്കുവാനുള്ള കുണ്ടിലാണ്. അവിടെ വനിതാ ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നു. അതും കഴിഞ്ഞ് നടന്ന് നടന്ന് മുകളിലെത്തുമ്പോൾ അതാ മനോഹരമായ രണ്ട് സ്വിമ്മിംഗ് പൂൾ കാണാം. പ്രകൃതിയുടെ കരവിരുതിൽ വിരിഞ്ഞ വിസ്മയം.
നല്ല തെളിഞ്ഞ വെള്ളമുള്ള രണ്ട് കുഞ്ഞ് തടാകങ്ങൾ, അതിൽ നീരാടി തകർക്കുന്ന സഞ്ചാരികൾ. അവിടെ കാണുന്നത് നാലാമത്തേയും അഞ്ചാമത്തേയും കുണ്ടുകളാണ്. ആദ്യത്തെ മൂന്ന് കുണ്ടുകളും ഇതിനും മുകളിലാണ്, അവിടേക്ക് പ്രവേശനമില്ല. ഇതിൽ നാലാമത്തെ കുണ്ടിന് 12 അടി താഴ്ച്ചയുണ്ടത്രെ, അഞ്ചാമത്തതിന് 6 അടി താഴ്ച്ചയും. പിന്നെ താഴേക്ക് രണ്ട് വലിയ കുണ്ടും ഒരു ചെറിയ അരകുണ്ടുമുണ്ട്, അങ്ങനെ മൊത്തം ഏഴരകുണ്ട്. താഴേക്കുള്ള കുണ്ടുകളിൽ വെള്ളം കുറവാണ്. ഓരോ മഴക്കാലം കഴിയുമ്പോഴും, മണ്ണും കല്ലും നിറഞ്ഞ് കുണ്ടുകളുടെ ആഴത്തിലും രൂപത്തിലും മാറ്റങ്ങൾ വരുന്നു.
ഇവിടെ കുളിക്കുന്നവരുടെ സുരക്ഷക്ക് വേണ്ടി ലൈഫ് ജാക്കറ്റുകളുണ്ട്. കൂടാതെ നിരീക്ഷണത്തിന് അഞ്ചോളം സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. നല്ല സൗഹാർദ്ദമുള്ള അന്തരീക്ഷമാണവിടെ. മഴക്കലമായാൽ ഇവിടെ കുളിക്കുവാൻ സമ്മതിക്കില്ല, പക്ഷെ മഴക്കാലത്ത് ആ പുഴയൊഴുകിവരുന്ന കാഴ്ച്ച മനോഹരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക