തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണ്‍ പറത്തിയെന്ന സംശയത്തില്‍ പൊലീസ് തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയോടെ പാളയം ഭാഗത്ത് ഡ്രോണ്‍ പറത്തി എന്നാണ് വിവരം. വിവരം ലഭിച്ചതോടെ പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും ഡ്രോണ്‍ കണ്ടെത്താനായില്ല. മുന്‍പ് തീരദേശ മേഖലയിലും പൊലീസ് ആസ്ഥാനത്തും ഡ്രോണ്‍ പറത്തിയ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. ഇതിനിടയിലാണ് സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഡ്രോണ്‍ പറത്തിയതായുള്ള വിവരം വന്നിരിക്കുന്നത്.
സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടണമെന്നാണ് നിര്‍ദേശം. ഉടന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് നല്കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. സുരക്ഷാ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക