ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ വെള്ളം പോലും കൊടുക്കരുതെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ കുഞ്ഞിനു കുപ്പിപ്പാല് നല്‍കേണ്ടി വരാറുണ്ട്. അമ്മയുടെ തിരക്ക്, അമ്മയ്ക്കുണ്ടാകുന്ന ചില അസുഖങ്ങള്‍, അമ്മമാര്‍ ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നത്, പാല് ഇല്ലാതെ വരുന്നത്, ഇരട്ടക്കുട്ടികള്‍ ഉള്ള തിനാല്‍ പാല് തികയാതെ വരുന്നത് തുടങ്ങിയവയാണവ. കുപ്പിയില്‍ കുടിക്കുമ്പോള്‍ കുഞ്ഞിന് എളുപ്പത്തില്‍ പാല് കിട്ടുന്നു. അതുകൊണ്ടു തന്നെ കുപ്പിപ്പാല് കുടിച്ചു ശീലിക്കുന്ന കുഞ്ഞ് മുലപ്പാല്‍ കുടിക്കാന്‍ മടി കാട്ടിയേക്കാം. മുലപ്പാലും കുപ്പിപ്പാലും മാറി മാറി കൊടുക്കുന്നതു കുഞ്ഞിനു നിപ്പിള്‍ കണ്‍ഫ്യൂഷനുണ്ടാക്കും. കൊടുക്കാനുള്ള സൗകര്യത്തിനായി പലരും പാല്‍കുപ്പിയെ ആശ്രയിക്കുന്നു. എന്നാല്‍, നന്നായി തിളപ്പിച്ച കപ്പില്‍ പാലെടുത്ത് കുഞ്ഞിനു സ്പൂണ്‍ കൊണ്ട് കോരിക്കൊടുക്കുന്നതാണ് ഏറെ ശുചിത്വം.
പാല്‍ക്കുപ്പി ഉപയോഗിക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക.
കുപ്പിയുടെ ഗുണമേന്മ ഉറപ്പു വരുത്തുക. കഴിവതും ഐഎസ്ഐ മാര്‍ക്കുള്ള കുപ്പി തിരഞ്ഞെടുക്കുക.
കുപ്പിയുടെ അടപ്പ് നല്ല മുറുക്കമുള്ളതാണോ എന്നു നോക്കുക.
അളവ് മില്ലിലിറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള പാല്‍കുപ്പി വാങ്ങുക. ഇത് പാല് കൃത്യ അളവില്‍ തയാറാക്കാന്‍ സഹായിക്കും.
നിപ്പിളിലെ ദ്വാരം തീരെച്ചെറുതോ അധികം വലുതോ അല്ലാത്ത പാല്‍ക്കുപ്പി വാങ്ങുക. ആയാസം കൂടാതെ പാല്കുടിക്കാന് കുഞ്ഞിനെ ഇതു ഏറെ സഹായിക്കും.
കുപ്പിപ്പാല് കുടിക്കുന്ന കുട്ടിക്ക് മുലപ്പാല്‍ കുടിക്കുന്ന കുട്ടികളെ അപേക്ഷിച്ചു വയറിളക്കത്തിനുള്ള സാധ്യത പതിനാലിരട്ടിയാണ്. ന്യൂമോണിയയ്ക്കു സാധ്യത നാലു മടങ്ങ് കൂടുതലാണ്. അതിനാല്‍ കുപ്പിപ്പാല് നല്കുമ്പോള് ഏറ്റവും വേണ്ടത് ശുചിത്വമാണ്. ഇതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.
പാല്‍ക്കുപ്പിയിലും നിപ്പിളിലും അഴുക്ക് അടിഞ്ഞു കൂടാനുള്ള സാധ്യത ഏറെയാണ്. ബ്രഷുപയോഗിച്ചു കഴുകിയാലും ഇവ പോകണമെന്നില്ല. കുപ്പി വെള്ളത്തിലിട്ടു പതിനഞ്ചു മിനിട്ടു തിളപ്പിക്കുന്നത് അണുക്കള്‍ നശിക്കാന്‍ സഹായിക്കും. ചൂടുവെള്ളം ഉപയോഗിച്ചു കഴുകിയെടുക്കുക മാത്രം ചെയ്താല്‍ അണുക്കള്‍ നശിക്കില്ല.
കുഞ്ഞിനുള്ള പാല് തയാറാക്കുന്നതിനും നല്‍കുന്നതിനും മുമ്പായി കൈകള്‍ വൃത്തിയായി കഴുകുക.
തയാറാക്കിയ പാല് ഏറെ സമയം വച്ച് കുഞ്ഞിനു കൊടുക്കരുത്. പാല് കൊടുക്കേണ്ടപ്പോള്‍ തന്നെ ഉണ്ടാക്കുന്നതാണു നല്ലത്.
കുപ്പിയില്‍ അധികം വരുന്ന പാല് കുഞ്ഞിനു വീണ്ടും കൊടുക്കരുത്.
പാല്‍ക്കുപ്പി അടച്ചു സൂക്ഷിക്കുക. ഇത് നിപ്പിളിന്റെ അറ്റത്ത് ഈച്ചയും മറ്റും വന്നിരുന്നു രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
പാല്‍കുപ്പി അതു കഴുകാനുള്ള ബ്രഷുപയോഗിച്ചു തന്നെ വേണം വൃത്തിയാക്കുവാന്‍.
കുപ്പിയില്‍ സോപ്പിന്റെ അംശം അല്പം പോലും ഇല്ലെന്ന് ഉറപ്പാകും വരെ ശുദ്ധജലത്തില്‍ കഴുകുക.
പാല് തയാറാക്കുമ്പോള്‍
നന്നായി തിളപ്പിച്ച വെള്ളത്തില്‍ വേണം പാല് തയാറാക്കാന്‍. ഗുണമേന്മയുള്ള പാല്‍പ്പൊടി മാത്രം ഉപയോഗിക്കുക. ടിന്നിലെ അളവു സ്പൂണില്‍ ഒരു നിരപ്പ് പൊടിയെടുത്ത് അത് ഒരൗണ്‍സ് തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി വേണം തയാറാക്കാന്‍. ഈ അളവിനു വ്യത്യസ്തമായി കൂടുതല്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചാല്‍ ഗുണം കിട്ടില്ല. ഇതു കുഞ്ഞിന്റെ വളര്‍ച്ചയെയും ബാധിക്കും. കുഞ്ഞിനു പൊടിപ്പാല്‍ നല്കിത്തുടങ്ങും മുമ്പു ഒരു ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശം തേടണം.പശുവിന്പാല് നല്കുമ്പോഴും വെള്ളം ചേര്‍ത്താല്‍ ഗുണം കുറയും. ആവശ്യമെങ്കില്‍ പാല് നല്കിയ ശേഷം കുഞ്ഞിനു തിളപ്പിച്ചാറിയ വെള്ളം കൊടുക്കാം. ആട്ടിന്പാല് പശുവിന്‍പാലിനെ അപേക്ഷിച്ച് അലര്‍ജിയുണ്ടാക്കാനു ള്ള സാധ്യത കുറവാണ്. എങ്കിലും ആട്ടിന്‍പാലില്‍ ഫോളിക് ആസിഡിന്റെ അളവു കുറവാണ്. ഇത് ഒരുതരം വിളര് ച്ചയ്ക്കു കാരണമാകും.
കുപ്പിപ്പാല് കൊടുക്കേണ്ട രീതി
കുഞ്ഞിനെ നിരപ്പായ പ്രതലത്തില്‍ കിടത്തി പാല് കൊടുക്കരുത്. ശ്വാസനാളത്തില്‍ പാല് കയറി ന്യൂമോണിയ, ചെവിപഴുപ്പ്, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ക്കു കാരണമാകാം. എടുത്തിരിക്കുന്ന ആളിന്റെ കൈമുട്ടിന്റെ ഭാഗത്തു കുഞ്ഞിന്റെ തലയും കൈത്തണ്ടയില്‍ കുഞ്ഞിന്റെ പുറംഭാഗവും വരുന്ന രീതിയില്‍ താങ്ങി അല്പം ചരിച്ചു വേണം എടുക്കാന്‍.പാലിന്റെ ചൂട് കുഞ്ഞിനു കുടിക്കാന്‍ പാകത്തിനാണോ എന്നു നോക്കണം. പാല് കൈത്തണ്ടയില്‍ ഒഴിച്ചു ചൂടു മനസിലാക്കാം. പാല് നിപ്പിളിലേക്കു ശരിയായി വരുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. കുഞ്ഞ് പാല് വലിച്ചുകുടിക്കാന്‍ ബുദ്ധിമുട്ടുന്നതായി തോന്നുന്നുവെങ്കില്‍ കുപ്പി പതുക്കെ പുറത്തെടുക്കുക. കുപ്പിയില്‍ വായു കയറിയതാകാം കാരണം. പാല്‍ക്കുപ്പി ഏറ്റവും അനുയോജ്യമായ കോണില്‍ പിടിച്ചു നല്കിയാല് പാലിനൊപ്പം വായുവും ഉള്ളില്‍ പോകുന്നതു തടയാം.കുഞ്ഞിന്റെ വയര്‍ നിറഞ്ഞുവെന്നു മനസിലായാല്‍ കുപ്പി ഉടന്‍ വലിച്ചെടുക്കരുത്. കുഞ്ഞിന്റെ വായില്‍ വിരല്‍ കടത്തി ചുണ്ടുകള്‍ അകറ്റിയിട്ടു വേണം കുപ്പി പുറത്തെടുക്കാന്‍.അമ്മയുടെ പാല് പിഴിഞ്ഞു പാത്രത്തിലാക്കിയും കുഞ്ഞിനു കൊടുക്കാം. തിളപ്പിച്ച പാത്രത്തില്‍ പാല് ശേഖരിച്ച് അടച്ചു വച്ചാല്‍ പത്തു മണിക്കൂര്‍ വരെ നല്‍കാം.ഫ്രിഡ്ജില്‍ പാല് വച്ചാല്‍ 24 മണിക്കൂര്‍ വരെ കൊടുക്കാം. ഫ്രിഡ്ജില്‍ നിന്നു പുറത്തെടുത്ത ശേഷം തണുപ്പു മാറ്റി കുഞ്ഞിനു നല്കിയാല് മതി. ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ഈ രീതി ഏറെ സഹായകമാണ്.
അറിയേണ്ടത്
നവജാതശിശുവിനു കഴിവതും മുലപ്പാല്‍ മാത്രം കൊടുക്കുക. മറ്റു പാല് കൊടുക്കുന്നെങ്കില്‍ അതു തിളപ്പിച്ച കപ്പിലെടുത്ത് സ്പൂണില്‍ കോരിക്കൊടുക്കുന്നതാണ് നല്ലത്.
പശുവിന്പാല് കുട്ടിക്ക് അലര്‍ജിയുണ്ടാക്കുന്നുവെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം പൊടിപ്പാല്‍ നല്‍കുക.
സമയം അടിസ്ഥാനമാക്കി മാത്രമല്ല കുഞ്ഞിനു ആഹാരം നല്‍കേണ്ടത്. കുഞ്ഞിന്റെ വിശപ്പു വ്യത്യാസപ്പെട്ടു വരാം. കരച്ചിലിലൂടെയും മറ്റും വിശപ്പു പ്രകടിപ്പിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.
കുഞ്ഞിന്റെ വയര്‍ നിറഞ്ഞശേഷം അവര്‍ പാല്‍കുടിക്കുന്നതു മതിയാക്കുന്നുവെങ്കില്‍ വീണ്ടും പാല്‍കുടിപ്പിക്കാന്‍ ശ്രമിക്കരുത്.
പാല് കുടിപ്പിച്ച ശേഷം കുഞ്ഞിനെ തോളത്തു കിടത്തി പുറത്തു മൃദുവായി തട്ടുക. ഉള്ളില്‍ കടന്നവായു പുറത്തു പോകാന്‍ സഹായിക്കും.
അമിതമായി പാലൂട്ടരുത്. ഭാവിയില്‍ കുഞ്ഞിന് അമിത വണ്ണത്തിനു കാരണമാകാം.
പൊടിപ്പാലില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുതലായുണ്ട്. ഇത് കുഞ്ഞിനു ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.
ഹെപ്പറ്റൈറ്റിസ് ബി ഇന്ഫക്ഷന്, ടിബി തുടങ്ങിയ അസുഖങ്ങളുള്ള അമ്മമാര്‍ മുലയൂട്ടുന്നതില്‍ കുഴപ്പമില്ല.
കുഞ്ഞിനു മഞ്ഞപ്പിത്തം ഉണ്ടെങ്കിലും മുലപ്പാല്‍ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക