കിഴക്കമ്പലം: ബസിന്റെ മരണപ്പാച്ചലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവതി അതേ ബസിനെ ഓടിച്ചിട്ട് പിടിച്ചു. യുവതിയുടെ നിശ്ചയ ദാര്ഢ്യത്തിനൊപ്പം നാട്ടുകാരും കൂടിയതോടെ ബസ് ജീവനക്കാര്‍ മുട്ടു മടക്കി. ജോലി കഴിഞ്ഞ് ടൂവീലറില്‍ വീട്ടിലേക്ക് മടങ്ങിയ കിഴക്കമ്പലം സ്വദേശിയായ യുവതിയാണ് പള്ളിക്കര വണ്ടര്‍ലായ്ക്കു സമീപം ബസിന്റെ അമിത വേഗത കാരണം അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്.
ടൂ വീലറിനെ ഓവര്‍ടേക്ക് ചെയ്ത് പാഞ്ഞ ബസിന്റെ അടിയില്‍പ്പെടാതെ റോഡരികിലേക്ക് വെട്ടിച്ച് മാറ്റി രക്ഷപ്പെടുകയായിരുന്നു. തല നാരിഴയ്ക്കാണ് മരണത്തില്‍ നിന്നും യുവതി കരകയറിയത്. തുടര്‍ന്ന് മനസാന്നിദ്ധ്യം വീണ്ടെടുത്ത യുവതി നിര്‍ത്താതെ പാഞ്ഞ ബസിനെ പിന്തുടര്ന്ന് പള്ളിക്കര മാര്‍ക്കറ്റ് റോഡില്‍ വച്ച് ബസിന്റെ മുന്നില്‍ സ്കൂട്ടര്‍ വട്ടം നിര്‍ത്തി തടഞ്ഞു. യുവതി കാര്യം വിശദീകരിച്ചതോടെ നാട്ടുകാരും യുവതിയോടൊപ്പം ചേര്‍ന്ന് ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പഞ്ചായത്തംഗം ടി.വി.ശശിയുടെ സാന്നിധ്യത്തില്‍ ഡ്രൈവര്‍ യുവതിയോട് മാപ്പു പറഞ്ഞതോടെ തൽക്കാലം പോലീസ് കേസ് വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക