കണ്ണൂർ: എംവിആര്‍ പുരസ്ക്കാരം-19 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.കെ.ബാലചന്ദ്രന്. കേരളാ കോ-ഓപ്പറേറ്റീവ് ഫുഡ്ഹൗസ് ആന്റ് കാറ്ററിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്ക്കാരമാണിത്. ജൂലൈ 30 ന് രാവിലെ 11 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ പുരസ്ക്കാരം സമ്മാനിക്കും.
ആരോഗ്യ-വിദ്യാഭ്യാസ-സഹകരണ-സാമൂഹ്യ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. ചടങ്ങിൽ ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.റോയ് മുഖ്യാതിഥിയായി പങ്കെടുക്കും.
ചടങ്ങില്‍ വെച്ച് ഡയാലിസിസ് രോഗികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രഖ്യാപനം സഹകരണസംഘം അസി.രജിസ്ട്രാര്‍ പി.രാജേന്ദ്രന് നിര്‍വ്വഹിക്കും. സി.എ.അജീര്‍ എം.വി.ആര് അനുസ്മരണ പ്രഭാഷണം നടത്തും. മുന്‍ എംപി പാട്യം രാജന്, ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, സിപിഎം മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്, ബിജെപി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി, കെ.എം.മോഹന്‍ദാസ്, മാണിക്കര ഗോവിന്ദന് എന്നിവര്‍ പ്രസംഗിക്കും. സി.പി.ദാമോദരന്‍, എന്‍.വി.പ്രവീണ്‍ എന്നിവര്‍ ഭാരവാഹികളായ സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മെഡിക്കല്‍ കോളജിന്റെ ആരംഭഘട്ടം മുതല്‍ പ്രവര്‍ത്തിക്കുന്ന ഡോ.ബാലചന്ദ്രന് ചാല ഗ്യാസ് ദുരന്തത്തില്‍ സ്തുത്യര്‍ഹ സേവനം ചെയ്തതിന് നേരത്തെ പുരസ്ക്കാരങ്ങള്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക