തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു.
പുരസ്കാര തുകയായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നെന്ന് മന്ത്രി വേദിയിൽ വച്ചുതന്നെ പ്രഖ്യാപിച്ചു.
നിപ പ്രതിരോധത്തിന് തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്ക്കും വേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നതായി മന്ത്രി പറഞ്ഞു.
നിപയെ കീഴടക്കുന്നതില്‍ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വം നിര്‍ണായകമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് പറഞ്ഞു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവത്യാഗം ചെയ്ത സിസ്റ്റര്‍ ലിനിയെ ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിപ പ്രതിരോധപ്രവര്‍ത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്കാരം മന്ത്രി കെ കെ ശൈലജക്ക് സമ്മാനിക്കുന്നത്.
നിപ എന്ന അപരിചിത രോഗത്തെ കീഴ്പ്പെടുത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യം ഏറ്റെടുത്ത മന്ത്രി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും മുഴുവന്‍ സമയവും മുന്നില്‍ നിന്നുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്, എ കെ ശശീന്ദ്രന്. ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ & ബിസിനസ്സ് ഹെഡ് ഫ്രാങ്ക് പി തോമസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന് തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക