ആമസോൺ കാടുകളിലെ കാട്ടുതീക്ക് ശേഷം ലോകത്തെ ഭീതിപ്പെടുത്തി അമേരിക്കയിലും കാട്ടുതീ പടരുന്നു. അമേരിക്കയിലെ ലൊസാഞ്ചലസില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടു തീയില്‍ വലഞ്ഞ് പ്രമുഖ ഹോളിവുഡ് താരങ്ങളും ഉണ്ട്. ആയിരക്കണക്കിന് വീടുകളാണ് ഇതിനോടകം കത്തി നശിച്ചത്. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതല്ക്കാണ് പ്രദേശത്ത് അതി ശക്തമായ കാറ്റും തീയുമുണ്ടായത്.
സ്ഥിതിഗതികള്‍ ഗുരുതരമായതോടെ പ്രമുഖരടക്കം നിരവധി പേരാണ് പ്രദേശത്തു നിന്നും പലായനം ചെയ്യുന്നത്. നടനും പ്രശസ്ത അമേരിക്കന്‍ ബോഡി ബില്‍ഡറും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അര്‍ണോള്‍ഡ് സ്വാറ്റ്സെനെഗറും പ്രദേശത്തു നിന്നും വീട് ഉപേക്ഷിച്ചു പലായനം ചെയ്തു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് താരം വീട് ഉപേക്ഷിച്ച് പോയത്. പ്രദേശത്തു നിന്നും രക്ഷപ്പെട്ടതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
താനിപ്പോള്‍ സുരക്ഷിതനാണെന്നും അപകട സ്ഥലത്ത് ഇപ്പോഴും ആരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രക്ഷപ്പെടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ മരിയ ഷ്രിവറും പ്രദേശത്തു നിന്നും രക്ഷപ്പെട്ടതായി ട്വീറ്ററില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങളെയെല്ലാവരെയും രക്ഷപ്പെടുത്തി. ഞങ്ങള്‍ക്കൊന്നുമില്ലാതായി, പക്ഷേ ഞങ്ങള്‍ സുരക്ഷിതരാണ്. ഞങ്ങളുടെ അയല്ക്കാര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’
ബാസ്ക്കറ്റ് ബോള്‍ സൂപ്പര്‍ താരം ലെബ്രോണ്‍ ജെയിംസ് അതിരാവിലെ തന്നെ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വീടുവിട്ടതായി അറിയിച്ചു. വീട് ഒഴിയുകയാണെന്നും കുടുംബത്തിനു താമസിക്കാന്‍ ഇടം അന്വേഷിക്കുകയാണെന്നും പുലര്‍ച്ചെ നാലു മണിക്ക് താരം ട്വിറ്ററില്‍ കുറിച്ചു. എട്ട് ബെഡ്റൂം ഉള്ള 23 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വീടാണ് താരത്തിനു ബ്രെന്റ്വുഡിലുള്ളത്.
സിനിമാ താരങ്ങളായ ക്ലാര്‍ക് ഗ്രെഗ്, കുര്‍ത് സട്ടര്‍, റയാന് ഫിലിപ്പ് എന്നിവരും വീടുവിട്ടുപോയതായി ട്വിറ്ററില്‍ അറിയിച്ചു. കലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയില്‍ 74,300 ഏക്കര്‍ ഭൂമിയാണു തിങ്കളാഴ്ച മാത്രം തീയില്‍ കത്തിനശിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക