സ്മാര്‍ട്ട് വാച്ച് രംഗത്ത് ഫിറ്റ്നസ് തരംഗം സൃഷ്ടിച്ച ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ടെക് ഭീമന് ഗൂഗിള്‍. ആപ്പിളിനോട് കിടപിടിക്കുന്ന ഫിറ്റ്ബിറ്റിനെ സ്വന്തമാക്കുന്നതിലൂടെ വെയറബിള്‍ ടെക് മേഖലയിലേക്ക് കൂടി കടക്കുകയെന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം.
എന്നാല്‍ ആപ്പിളുമായി മത്സരിക്കാനാണോ അതോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണോ ഗൂഗിളിന്റെ ലക്ഷ്യം എന്നത് ചോദ്യചിഹ്നമാകുന്നുണ്ട്.
ഫിറ്റ്ബിറ്റിനെ 2.1 ബില്യൺ ഡോളറിനാണ് ഗൂഗിൾ വാങ്ങുന്നത്. ജനപ്രിയ ഫിറ്റ്നസ് ട്രാക്കർ കമ്പനിയായ ഫിറ്റ്ബിറ്റിനെ വാങ്ങാൻ ഗൂഗിൾ ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ഇത് സ്ഥിരീകരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഫിറ്റ്ബിറ്റ് ഗൂഗിളില്‍ ചേരും.
ഇതേസമയം, സ്വകാര്യതയും ഉപഭോക്താക്കളുടെ ഡാറ്റയും സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫിറ്റ്ബിറ്റ് വ്യക്തമാക്കി. ഫിറ്റ്നസ് ഡാറ്റയും സ്വകാര്യത സംബന്ധിച്ച വിവരങ്ങളും രഹസ്യമായി തന്നെയിരിക്കുമെന്നും ഗൂഗിൾ പരസ്യങ്ങൾക്ക് വേണ്ടി ഈ ഡാറ്റകള്‍ ഉപയോഗിക്കില്ലെന്നും ഫിറ്റ്ബിറ്റ് ഔദ്യോഗികമായി അറിയിച്ചു.
നിലവില്‍ ഷവോമി, ആപ്പിള്‍, വാവെയ്, ഫിറ്റ്ബിറ്റ് എന്നീ കമ്പനികളാണ് വെയറബിള്‍ ടെക്നോളജി മേഖലയില്‍ മുന്‍നിരയിലുള്ളത്. ആപ്പിളിനോട് കടുത്ത മത്സരം നേരിടുകയായിരുന്നു ഫിറ്റ്ബിറ്റ്. ഇതിനിടെയാണ് ഫിറ്റ്ബിറ്റിനെ ആപ്പിള്‍ സ്വന്തമാക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ ഫിറ്റ്ബിറ്റിന്റെ ഓഹരിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക